പ്ലീനറി പട്ടികയെച്ചാല്ലി തർക്കം; എ, ഐ ഗ്രൂപ്പുകൾ പരാതിയുമായി രംഗത്ത്
1 min readതിരുവനന്തപുരം :കോൺഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ക്ഷണിതാക്കളുടെ പട്ടികയെച്ചൊല്ലി എ, ഐ ഗ്രൂപ്പുകൾ രംഗത്ത്. കൂടിയാലോചന നടത്താതെ പട്ടിക അയച്ചെന്നാരോപിച്ച് സംസ്ഥാനനേതൃത്വത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എഐസിസിക്ക് പരാതി നൽകി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ആണ് പ്രതിസ്ഥാനത്ത്.
സംസ്ഥാന കോൺഗ്രസിൽ കൂടിയാലോചനകൾ ഇല്ലെന്നും പ്ലീനറി ക്ഷണിതാക്കളുടെ പട്ടികയിൽ അതൃപ്തിയുണ്ടെന്നും ആദ്യ പറഞ്ഞത് രമേശ് ചെന്നിത്തലയാണ്. പിന്നാലെ ഇതേ ആരോപണവുമായി കൊടിക്കുന്നിൽ സുരേഷും രംഗത്തെത്തി. പാർട്ടിയെക്കാൾ വലിയ ഗ്രൂപ്പ് അനുവദിക്കില്ലെന്ന് വി.ഡി.സതീശൻ പ്രതികരിച്ചു.
ക്ഷണിതാക്കളുടെ പട്ടികയിൽ ചർച്ച നടന്നിട്ടില്ലെന്നും സംവരണം വഴിയാണ് കൂടുതൽ പേരെ ഉൾപ്പെടുത്തിയതെന്നുമാണ് മറുപടി. എന്നാൽ ഇക്കാര്യം പരിശോധിക്കണമെന്നായി കൊടിക്കുന്നിൽ സുരേഷ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിന് ഇതേ സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. പാർട്ടിയെ ശക്തപ്പെടുത്താനായി ഒന്നിച്ചു നിൽക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം മറികടന്നു കൊണ്ടാണ് സംസ്ഥാന നേതാക്കളുടെ തമ്മിൽത്തല്ലും പരാതിയും.