കെഎസ്ആര്‍ടിസിയില്‍ വിആര്‍എസ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല : ഗതാഗതമന്ത്രി
1 min readതിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ വിആര്‍എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് എല്ലാ വര്‍ഷവും റിപ്പോര്‍ട്ട് നല്‍കാറുണ്ട്. ഇങ്ങനെ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണോ പുറത്തു വന്നതെന്ന് പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാന്‍ ആലോചിക്കുന്നുവെന്നും ഇതിനായി 50 വയസ് കഴിഞ്ഞ 7500 ജീവനക്കാരുടെ പട്ടിക തയ്യാറാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. അറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. വിആര്‍സ് നടപ്പാക്കുമ്പോള്‍ 1100 കോടി രൂപ വേണ്ടി വരും. ഇതിലൂടെ ശമ്പളച്ചെലവിന്റെ 50% കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം 15000 ആക്കി കുറയ്ക്കണമെന്ന് ധനവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ 26000 ജീവനക്കാരുണ്ട്.
നിര്‍ബന്ധിത വിആര്‍എസ് ഇടതുനയത്തിന് വിരുദ്ധമാണെന്ന് കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി എം.ജി.രാഹുല്‍ ആരോപിച്ചു. വിആര്‍എസ് കരാര്‍ നിയമനത്തിന് വഴിയൊരുക്കും. നിര്‍ബന്ധിത വിആര്‍എസിനെ ശക്തമായി എതിര്‍ക്കുമെന്നും എന്നാല്‍ ജീവനക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം വിആര്‍എസ് എടുക്കുന്നതിനെ എതിര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.