ഉരു സിനിമ മാര്‍ച്ച് 3ന് തിയേറ്ററിലെത്തും

1 min read

മാമുക്കോയയുടെ ജീവിതത്തിലെ ശ്രദ്ധേയ വേഷവുമായി ഉരു സിനിമ മാര്‍ച്ച് 3ന് തിയേറ്ററിലെത്തുന്നു. സിനിമയുടെ ട്രെയിലര്‍ പ്രശസ്ത നടന്‍ ജയരാജ് വാര്യര്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറക്കി.

കോഴിക്കോട് ബേപ്പൂരിലെ ഉരു നിര്‍മ്മാണ കേന്ദ്രത്തില്‍ വെച്ച് ഷൂട്ട് ചെയ്ത സിനിമ പരമ്പരാഗത ഉരു നിര്‍മ്മാണത്തിന്റെ ചരിത്ര പശ്ചാത്തലം ചിത്രീകരിച്ചിട്ടുണ്ട്. മാമുക്കോയ ഉരുവില്‍ ശ്രീധരന്‍ മൂത്താശാരിയായി വേഷമിടുന്നു.

ബേപ്പൂരില്‍ നിര്‍മ്മിക്കുന്ന രണ്ട് ഉരുവിന്റെ മേല്‍നോട്ടത്തിനായി അറബിയുടെ പ്രതിനിധിയായി എത്തുന്ന റഷീദും മൂത്താശാരി ശ്രീധരനും അവിചാരിതമായി പ്രതിസന്ധിയില്‍ അകപ്പെടുന്നതാണ് പ്രമേയം. മാമുക്കോയയുടെ ജീവിതത്തിലെ നാഴികക്കല്ലായി ഉരുവിലെ മൂത്താശാരി. ഉരു നിര്‍മ്മിക്കുന്ന ആശാരിമാരുടെ കരവിരുതിന്റെ കഥ കൂടിയാണീ സിനിമ.  

ഉരു നിര്‍മ്മാണ കഥയോടൊപ്പം ഗള്‍ഫ് മലയാളിയുടെയും ഗള്‍ഫില്‍ നിന്ന് തിരിച്ചു വരുന്ന മലയാളിയുടെയും അറബികളുമായി മലയാളികള്‍ക്കുള്ള ബന്ധത്തിന്റെയും കഥ പറയുന്നു ഉരു.
സ്ത്രീ സഹനവും വഴി തെറ്റിപ്പോകുന്ന കൗമാരവുമെല്ലാം ഉരുവിലൂടെ ഉരുത്തിരിയുന്നു.  എല്ലാത്തിനുമുപരിയായി മനുഷ്യ ന•യുടെ കഥ പറയുന്ന ചിത്രമാണ് ഉരു.

കെ.യു.മനോജ്, മഞ്ജു പത്രോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉരുവിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഇ.എം.അഷ്റഫാണ്.  നിര്‍മ്മാണം മന്‍സൂര്‍ പള്ളൂര്‍.

സുബിന്‍ എടപ്പകത്തും എ.സാബുവുമാണ് സഹനിര്‍മ്മാതാക്കള്‍. അസോസിയേറ്റ് സംവിധായകന്‍ ബൈജു ദേവദാസാണ്. പ്രഭാവര്‍മ്മ രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കമല്‍ പ്രശാന്താണ്. പശ്ചാത്തല സംഗീതമൊരുക്കിയത് ദീപു കൈതപ്രം.  ശ്രീകുമാര്‍ പെരുമ്പടവത്തിന്റെ ഛായാഗ്രഹണവും ഹരി.ജി.നായരുടെ ചിത്രസംയോജനവും ഉരുവിനെ കൂടുതല്‍ മനോഹരമാക്കുന്നു.

Related posts:

Leave a Reply

Your email address will not be published.