മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ വ്യാപക തട്ടിപ്പ്

1 min read

തിരുവനന്തപുരം: വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിൽ വ്യാപക തട്ടിപ്പ് നടന്നതായി കണ്ടെത്തി. ദുരിതാശ്വാസനിധിയിൽ നിന്ന് അർഹതയില്ലാത്തവർക്ക് സഹായം കിട്ടിയതായി പരാതി ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു വിജിലൻസ് പരിശോധന. പരാതി ശരി വെയ്ക്കുന്ന രേഖകൾ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഏജന്റുമാർ മുഖേന വ്യാജരേഖകളുണ്ടാക്കിയാണ് പണം തട്ടുന്നത്. ഇതിന് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായാണ് വിവരം. ‘ഓപ്പറേഷൻ സിഎംഡിആർഎഫ്’ എന്ന പേരിൽ കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്. ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം ലഭിക്കുന്നതിന് കളക്ടറേറ്റുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഈ അപേക്ഷ ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹരെ കണ്ടെത്തി സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കും. തുടർന്ന് പണം അക്കൗണ്ടിൽ വരും. അനർഹരായ ആളുകളെക്കൊണ്ട് അപേക്ഷ കൊടുപ്പിച്ച് ഏജന്റും ഉദ്യോഗസ്ഥരും പണം തട്ടുന്നു എന്നാണ് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്.

എറണാകുളം ജില്ലയിലെ സമ്പന്നരായ വിദേശ മലയാളികൾക്ക് ചികിത്സാസഹായം അനുവദിച്ചിട്ടുള്ളതായും അറിയാൻ കഴിഞ്ഞു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ ഒരു ഏജന്റ് നൽകിയ 16 അപേക്ഷയിൽ സഹായം അനുവദിച്ചു. ഹൃദ്രോഗിയാണെന്ന സർട്ടിഫിക്കറ്റിൽ കരൾ രോഗിക്ക് ചികിത്സാ സഹായം നൽകി. കൊല്ലം ജില്ലയിൽ 20 അപേക്ഷകൾ പരിശോധിച്ചതിൽ 13ലും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് എല്ലുരോഗ വിദഗ്ധനാണ്. പുനലൂർ താലൂക്കിലെ ഒരു ഡോക്ടർ 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ് നൽകിയത്. ഒരു കുടുംബത്തിലെ നാലുപേർക്ക് രണ്ടു ഘട്ടമായി സർട്ടിഫിക്കറ്റുകൾ നൽകി പണം കൈപ്പറ്റിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.