ഓപ്പറേഷൻ ദോസ്ത് : രക്ഷാപ്രവർത്തനത്തിൽ സഹായിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുർക്കി
1 min readന്യൂഡൽഹി : ഇന്ത്യയുടെ ഓപ്പറേഷൻ ദോസ്തിന് നന്ദി അറിയിച്ച് തുർക്കി അംബാസഡർ. സിറിയ-തുർക്കി ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി മെഡിക്കൽ സഹായവുമായി ഇന്ത്യയിൽ നിന്ന് എൻ.ഡി.ആർ.എഫ് ടീമിനെയും സൈന്യത്തെയും തുർക്കിയിലേക്ക് അയച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയുടെ അകമഴിഞ്ഞ സഹായത്തിന് നന്ദി അറിയിച്ചുകൊണ്ട് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരാത് സുനേൽ ട്വീറ്റ് ചെയ്തത്. ദുരന്തഭൂമിയിലേക്ക് സഹായഹസ്തവുമായി ആദ്യമെത്തിയത് ഇന്ത്യയായിരുന്നു.
ഇന്ത്യൻ സർക്കാരിനെപ്പോലെ വിശാലമനസ്കരായ ഇന്ത്യൻ ജനതയും ഭൂകമ്പമേഖലയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൈകോർത്തു. ഇന്ത്യയുടെ വിലമതിക്കാനാകാത്ത എല്ലാ സഹായങ്ങൾക്കും നന്ദി പറയുന്നു അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ നിന്ന് എത്തിച്ച സാമഗ്രികളുടെ വീഡിയോയും അദ്ദേഹം ട്വീറ്റിൽ പങ്കു വെയ്ക്കുകയുണ്ടായി. ദുരന്തഭൂമിയിൽ നിന്ന് രക്ഷപ്പെട്ട ആളുകൾ ഇന്ത്യൻ സൈനികരെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന രംഗങ്ങൾ മുൻപ് പുറത്തു വന്നിരുന്നു. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 46,000ലേറെ ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം.
തുർക്കി-സിറിയ രക്ഷാപ്രവർത്തനത്തിന് ഓപ്പറേഷൻ ദോസ്ത് എന്നാണ് ഇന്ത്യ പേരു നൽകിയിരിക്കുന്നത്. മെഡിക്കൽ കിറ്റുകൾ, 50 എൻഡിആർഎഫ് സെർച്ച് & റെസ്ക്യൂ ടീം അംഗങ്ങൾ, പ്രത്യേക പരിശീലനം ലഭിച്ചഡോഗ് സ്ക്വാഡ്, ഡ്രില്ലിങ് മെഷീനുകൾ, ദുരിതാശ്വാസ സാമഗ്രികൾ എന്നിവ വഹിച്ച് ആറ് വിമാനങ്ങളാണ് ദുരന്ത ഭൂമിയിലേക്ക് ഇന്ത്യ അയച്ചത്. തുർക്കി സർക്കാരുമായും അങ്കാറയിലെ ഇന്ത്യൻ എംബസിയുമായും ഇസ്താംബൂളിലെ ഇന്ത്യൻകോൺസുലേറ്റുമായും ഏകോപിപ്പിച്ചാണ് ഓപ്പറേഷൻ ദോസ്ത് പ്രവർത്തിക്കുന്നത്.