ക്വട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റ് വീട്ടമ്മയുടെ മരണം: ലക്ഷ്യമിട്ടത് മക്കളെ
1 min readഅടൂർ : അടൂർ മാരൂരിൽ ക്വട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുജാതയാണ് മരിച്ചത്. മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു ഗ്രൂപ്പുകൾക്കിടയിലുണ്ടായിരുന്ന സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സുജാതയുടെ മക്കളായ ചന്ദ്രലാൽ, സൂര്യലാൽ എന്നിവരോടുള്ള വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിന് കാരണമായത്. വസ്തു തർക്കമുണ്ടായതിനെ തുടർന്ന് ഇവിടെ മണ്ണെടുക്കാനുള്ള നീക്കം നടന്നിരന്നു. ജെസിബി ഉപയോഗിച്ച് മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാരിൽ ചിലർ തടഞ്ഞു. ഇതിനെ പ്രതിരോധിക്കാനാണ് സുജാതയുടെ മക്കൾ എത്തിയത്. അഞ്ചു നായ്ക്കളുമായി സ്ഥലത്തെത്തിയ ചന്ദ്രലാലും സൂര്യലാലും ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒന്നര വയസ്സുള്ള കുട്ടിക്ക്നായയുടെ കടിയേറ്റു. ഇതോടെ സംഘർഷം മൂർച്ഛിച്ചതിനെത്തുടർന്നാണ് എതിർ സംഘത്തിൽപ്പെട്ട ആളുകൾ സുജാതയുടെ വീടു കയറി ആക്രമിച്ചത്. വീട്ടിലുള്ള സാധനങ്ങളെല്ലാം വാരിവലിച്ച് കിണറ്റിലിട്ട സംഘം വീട്ടിലുണ്ടായിരുന്ന ഒരു പട്ടിയെയും വെട്ടിക്കൊന്നു. മക്കളെ കാണാതെ വന്നതോടെ ആക്രമണം സുജാതയുടെ നേർക്കായി. കമ്പിവടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ സുജാതയുടെ വാരിയെല്ലുകൾ തകർന്നിരുന്നു.
ചന്ദ്രലാലും സൂര്യലാലും ഒളിവിലാണ്. കാപ്പകേസിലെ പ്രതിയാണ് സൂര്യലാൽ. വീടു കയറി ആക്രമിച്ച പ്രതികളും ഒളിവിൽ തുടരുകയാണ്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.