കൂട്ട അവധിയെടുത്ത് വിനോദയാത്ര; പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടായെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

1 min read

പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയത് പൊതുജനത്തെ ബുദ്ധിമുട്ടിച്ചുവെന്ന് ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് കലക്ടര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറി.
ഔദ്യോഗികമായി അവധിയെടുത്താണ് ജീവനക്കാര്‍ വിനോദയാത്ര പോയതെങ്കിലും കൂട്ട അവധി താലൂക്ക് ഓഫീസില്‍ സേവനം തേടിയെത്തിയ ജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോന്നി താലൂക്ക് ഓഫീസിലെ 42 ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയത്. 63 ജീവനക്കാരില്‍ 24 പേര്‍ മാത്രമാണ് അന്ന് ജോലിക്കെത്തിയത്. സ്ഥലത്തെത്തിയ കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തി.
എംഎല്‍എയുടെ ഇടപെടല്‍ മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി.രാജേഷ് പ്രതികരിച്ചതോടെ സംഭവം കൂടുതല്‍ വിവാദമായിത്തീര്‍ന്നു. ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു ഡെപ്യൂട്ടി തഹസില്‍ദാരുടെ വിമര്‍ശനം. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആയ തഹസില്‍ദാരുടെ കസേരയിലിരിക്കാനും രജിസ്റ്റര്‍ പരിശോധിക്കാനും എംഎല്‍എയ്ക്ക് എന്ത് അധികാരമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. ഡെപ്യൂട്ടി തഹസില്‍ദാരുടേത് അച്ചടക്ക ലംഘനമാണെന്ന് എംഎല്‍എയും പ്രതികരിച്ചു.
വിഷയത്തില്‍ ഇടപെട്ട വകുപ്പ്മന്ത്രി കെ.രാജന്‍ ജില്ലാ കലക്ടറോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കേണ്ടത് ലാന്‍ഡ് റവന്യൂ കമ്മീഷണറാണ്. അതേസമയം റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കാനുള്ള നീക്കമുണ്ട്. ഇന്ന് ചേരുന്ന റവന്യൂ സെക്രട്ടേറിയേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.  ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വകുപ്പായതുകൊണ്ട് ഒരു ദിവസം എത്ര ശതമാനം ജീവനക്കാര്‍ക്ക് അവധി നല്‍കാമെന്നതില്‍ പൊതു മാനദണ്ഡം ഉണ്ടാക്കും.  

Related posts:

Leave a Reply

Your email address will not be published.