നടി ആക്രമണകേസ്: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്
1 min readന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുന്നതിനെതിരെയും കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും കാണിച്ചായിരുന്നു സത്യവാങ്മൂലം. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് ദിലീപ് പറയുന്നു. 16നാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. കേസിൽ 34-ാം സാക്ഷിയാണ് മഞ്ജു വാര്യർ.
ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയ്സ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരങ്ങളുടെയും സഹോദരീ ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് ദിലീപ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. മഞ്ജു വാര്യർക്ക് തന്നോട് വിരോധമാണെന്നും വോയ്സ് ക്ലിപ്പുകളുടെ ഫോറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിൽ ആണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറഞ്ഞു.
കാവ്യ മാധവന്റെ മാതാപിതാക്കളെ വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും ദിലീപ് ആരോപിക്കുന്നു. കാവ്യ ദിലീപിനെ വിളിക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പർ ഉറപ്പാക്കാനാണ് കാവ്യയുടെ അമ്മയെ വിസ്തരിക്കുന്നത്. ഫെഡറൽ ബാങ്കിൽ കാവ്യയുടെ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാൻ കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറുമായുള്ള ഇടപാടുകൾ, വോയ്സ് ക്ലിപ്പുകൾ, സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം എന്നീ കാര്യങ്ങൾ അറിയുന്നതിനുവേണ്ടിയാണ് ദിലീപിന്റെ സഹോദരൻ അനൂപ്കുമാറിനെ വിസ്തരിക്കുന്നത്.
തെളിവുകൾ ഇല്ലാത്തതിനാലാണ് പ്രോസിക്യൂഷന്റെ പുതിയ നീക്കമെന്ന് ദിലീപ് ആരോപിക്കുന്നു. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും അതിജീവിതയുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ദിലീപ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. വിചാരണ നീണ്ടുപോകുന്നതിനെതിരെ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ദിലീപിന്റെ സത്യവാങ്മൂലം സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.