എസ്.എഫ്.ഐ നേതാവിനെ വധിച്ച കേസിലെ പ്രതിയുടെ ഭാര്യക്കെതിരെ ജപ്തി; തടയാൻ ഡി.വൈ.എഫ്.ഐ
1 min readപത്തനംതിട്ട: എസ്.എഫ്.ഐ നേതാവിനെ വധിച്ച കേസിലെ പ്രതിയുടെ ഭാര്യ അജീബ എം.സാഹിബിന്റെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ശ്രമം തടഞ്ഞ് ഡി.വൈ.എഫ്.ഐ. എസ്.എഫ്.ഐനേതാവായിരുന്ന സി.വി.ജോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളായ അബ്ദുൾഖാദറിന്റെ ഭാര്യയാണ് അജീബ എം.സാഹിബ്. ഇവർ പത്തനംതിട്ട മുൻ നഗര സഭാധ്യക്ഷയും കെ.പി.സി.സി സെക്രട്ടറിയുമായിരുന്നു. വായ്പാ കുടിശ്ശികയെത്തുടർന്ന് പഴയ ബസ് സ്റ്റാന്റിലെ നാലു സെന്റ് ഭൂമിയും കടമുറിയും ജപ്തി ചെയ്ത് ലേലത്തിൽ എടുത്തിരുന്നു. എന്നാൽ ഉടമ കോടതിയെ സമീപിച്ചതോടെ സ്ഥല കൈമാറ്റം നടന്നില്ല. തുടർന്നാണ് സ്ഥലം ഏറ്റെടുത്തു നൽകാനായി കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്. ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞെങ്കിലും പോലീസ് സംരക്ഷണയിൽ അഭിഭാഷക കമ്മീഷൻ വീടും സ്ഥലവും ഏറ്റെടുത്തു. കമ്മീഷൻ പോയതിനു ശേഷം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മറ്റൊരു താഴിട്ട് ഗേറ്റ് പൂട്ടുകയായിരുന്നു. അജീബ എം.സാഹിബ് സി.പി.എമ്മിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ. പിന്തുണയെന്ന് ആരോപണമുണ്ട്.