കൃഷ്ണനും ഹനുമാനും ലോകത്തെ മികച്ച നയതന്ത്രജ്ഞർ : കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

1 min read

ന്യൂഡൽഹി :ലോകം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞരാണ് ഭഗവാൻ കൃഷ്ണനും ഹനുമാനുമെന്ന്‌ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ്‌ ഫോർ ആൻ അൺസെർട്ടെയ്ൻ വേൾഡ്’ എന്ന തന്റെ ഇംഗ്ലീഷ് പുസ്തകത്തിന്റെ മറാത്തി പരിഭാഷയായ ഭാരത് മാർഗിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നയതന്ത്രത്തെക്കുറിച്ചു പറയുമ്പോൾ, മഹാഭാരതത്തിനും രാമായണത്തിനും പ്രാധാന്യമേറെയാണ്.ലോകത്തിലെ മഹാൻമാരായ നയതന്ത്രജ്ഞരാണ് കൃഷ്ണനും ഹനുമാനും. നയതന്ത്രത്തിനപ്പുറം പോയ ആളാണു ഹനുമാൻ. ഏൽപ്പിച്ച ദൗത്യവും പിന്നിട്ട്, സീതയെ കാണുകയും ലങ്കയ്ക്കു തീയിടുകയും ചെയ്തു. തന്ത്രപരമായ ക്ഷമയ്ക്ക് കൃഷ്ണൻ മാതൃകയാണ്. ശിശുപാലന്റെ 100 തെറ്റുകൾ ക്ഷമിക്കുമെന്ന് അദ്ദേഹം വാക്കു നൽകി. 100 കഴിഞ്ഞാൽ അദ്ദേഹം ശിശുപാലനെ വധിക്കും. അത് മികച്ച തീരുമാനങ്ങൾ എടുക്കുന്നവർക്കുവേണ്ട ധാർമിക ഗുണമാണ്. മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്രം വൈവിധ്യമുള്ള ഇന്ത്യയെപ്പോലെയാണ് – ജയശങ്കർ പറഞ്ഞു.
ഭീകരതയെ ചെറുക്കുന്നതിൽ പാക്കിസ്ഥാൻ കാര്യക്ഷമമായിരുന്നില്ലെന്നും അതിനുള്ള തിരിച്ചടി ആഗോളതലത്തിൽ നിന്ന് അവർക്കു ലഭിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ദുരന്തസമയത്ത് മറ്റ് രാജ്യങ്ങളുടെ സഹായം ലഭിക്കണമെങ്കിൽ ആദ്യം സ്വയം തെരഞ്ഞെടുക്കുന്ന വഴികൾ നന്നാക്കണം. പാക്കിസ്ഥാന് നിലവിൽ വളരെ കുറച്ച് സഖ്യകക്ഷികൾ മാത്രമാണുള്ളത്. അതിൽ തുർക്കിക്ക് അവരെ സഹായിക്കാൻ കഴിയില്ല. ചൈന വായ്പകൾ മാത്രമാണ് നൽകുന്നത്’.
തന്റെ മന്ത്രി പദവിയിൽ അദ്ദേഹം മോദിക്കു നന്ദി പറഞ്ഞു. ‘വിദേശകാര്യ സെക്രട്ടറി ആവുക എന്നതായിരുന്നു എന്റെ മോഹങ്ങളുടെ പരിധി. മന്ത്രിയാകാൻ ആഗ്രഹിച്ചില്ല. മോദിക്കു പകരം മറ്റൊരാളായിരുന്നു പ്രധാനമന്ത്രിയെങ്കിൽ എന്നെ മന്ത്രിയാക്കുമെന്ന് ഉറപ്പില്ല’ – ജയശങ്കർ കൂട്ടിച്ചേർത്തു.

Related posts:

Leave a Reply

Your email address will not be published.