കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്.
1 min readതൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. അഞ്ച് പ്രതികളുടെ വീടുകളിലും ഒരേ സമയം എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തുകയാണ്. മുഖ്യപ്രതി ബിജോയി, സുനില്‍ കുമാര്‍, ജില്‍സ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് പരിശോധന. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
കേരള സഹകരണ ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പായ ഇരിങ്ങാലക്കുട കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടത് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ കുറ്റപത്രം ഒരു വര്‍ഷമായിട്ടും സമ!ര്പ്പിച്ചിട്ടില്ല.
2021 ജൂലൈ 14 ലാണ് കരുവന്നൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തില്‍ നിന്ന് മിച്ചം പിടിച്ച പണം, റിട്ടയര്‍ ആയവരുടെ പെന്ഷന് കാശ്, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേര്‍ന്ന് മുക്കിയത്. ഉന്നതതല സമിതി നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളാണ് ബാങ്കില്‍ കണ്ടെത്തിയത്.
ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവര്‍ത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടികള്‍ കവര്‍ന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറുപേരെയും, ഇടതു ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്ത പതിനാറ് സഹകരണ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.
പണം തിരികെ നല്കാന് നടപടി ആരംഭിച്ചെന്ന് ബാങ്ക് അവകാശപ്പെടുമ്പോഴും ആരുടെയൊക്കെ പണം നല്‍കിയിയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. കടക്കെണിയിലായ ബാങ്കിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും വിഫലമായി. പതിനെട്ട് കേസുകളാണ് ക്രൈംബ്രാ!ഞ്ച് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരെണ്ണത്തില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. മൂന്നുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാവുമെന്ന പ്രതീക്ഷ മാത്രമാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് ഉള്ളത്.