കോൺഗ്രസ് പ്ലീനറി സമ്മേളനം: വർണാഭമായി റായ്പൂർ

1 min read

റായ്പൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തിനൊരുങ്ങി റായ്പൂർ. സംസ്ഥാനം ആദ്യമായാണ് പ്ലീനറി സമ്മേളനത്തിന്‌ വേദിയാകുന്നത്. അതിന്റെ ആവേശമത്രയും പ്രവർത്തകരിൽ കാണാം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും പ്രമുഖ നേതാക്കൾക്കും അത്യുജ്ജ്വലമായ വരവേൽപ്പാണ് പ്രവർത്തകർ നൽകുന്നത്. വിമാനത്താവളത്തിൽ പ്രവർത്തകരെ വരവേൽക്കുന്നത് ഛത്തീസ്ഗഡിലെ പരമ്പരാഗതഗോത്ര കലാരൂപങ്ങളാണ്. നാളെ രാവിലെ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും.

റായ്പൂരിലെ രാജ്യോത്സവ് ഗ്രൗണ്ടിലാണ് പ്ലീനറി സമ്മേളനം നടക്കുന്നത്. അങ്ങോട്ടുള്ള വഴികളെല്ലാം കോൺഗ്രസ്‌ നേതാക്കളുടെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നേതാക്കളുമായി പായുകയാണ് വാഹനങ്ങൾ. മനോഹരമായി അലങ്കരിച്ച വീഥികളാണ് പ്രവർത്തകരെ വരവേൽക്കുന്നത്. സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ മല്ലികാർജുൻ ഖാർഗെ എത്തിയതോടെ ആവേശത്തിന്റെ കൊടുമുടിയിലായി പ്രവർത്തകർ. നഗരത്തിലെ ഹോട്ടൽ മുറികളെല്ലാം നേരത്തെ തന്നെ ബുക്കു ചെയ്തിരുന്നു. 15000 ഔദ്യോഗിക പ്രതിനിധികളാണ് സമ്മേളനത്തിനെത്തുന്നത്. മാധ്യമങ്ങളും സാധാരണ പ്രവർത്തകരും വേറെയും. പരമ്പരാഗത ഛത്തീസ്ഗഡ് വിഭവങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ള സസ്യഭക്ഷണമാണ് പ്രതിനിധികൾക്കായി ഒരുക്കിയിരിക്കുന്നത്.
ഫെബ്രുവരി 24, 25, 26 തീയതികളിൽ നടക്കുന്ന പ്ലീനറി സമ്മേളനം രാഷ്ട്രീയം, സാമ്പത്തികം, അന്തർദേശിയം, കൃഷിയും കർഷകരും, സാമൂഹ്യനീതിയും ശാക്തീകരണവും യുവജനവിദ്യാഭ്യാസവും തൊഴിലും തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടത്തും.കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും പ്ലീനറി സമ്മേളനത്തിൽ നടക്കും.

Related posts:

Leave a Reply

Your email address will not be published.