നവകേരള സദസ്സിന് വേദിയൊരുക്കാൻ ലോറി സ്റ്റാൻഡിൽ തള്ളിയത് 75 ലോഡ് മാലിന്യം
1 min readനവകേരള സദസ്സിന് വേദിയൊരുക്കാൻ ലോറി സ്റ്റാൻഡിൽ മാലിന്യം തള്ളിയതായി പരാതി. ഇരവിപുരം നിയോജക മണ്ഡലത്തിലാണ് സംഭവം. നവകേരള സദസിന്റെ വേദയായ കന്റോൺമെന്റ് മൈതാനത്തു കിടന്നിരുന്ന മാലിന്യമാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണിന് സമീപമുള്ള ലോറി സ്റ്റാൻഡിൽ തള്ളിയത്. 75 ലോഡിലേറെ മാലിന്യമാണ് എഫ്.സി.ഐ ഗോഡൗണിനു സമീപം നിക്ഷേപിച്ചിരിക്കുന്നത്.
കൊല്ലം കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ ശേഖരിച്ചിരുന്ന മാലിന്യം കന്റോൺമെന്റ് മൈതാനത്തായിരുന്നു കൂട്ടിയിട്ടിരുന്നത്. നവകേരള സദസ്സിന് വേദിയൊരുക്കാനായി ഇവ ലോറി സ്റ്റാൻഡിൽ തള്ളുകയായിരുന്നു. ബാക്കി വന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിയെടുത്ത് മൂടുകയും ചെയ്തു. 65 ലോറികളാണ് സ്റ്റാൻഡിലുള്ളത്. മാലിന്യം നിറഞ്ഞതോടെ സ്റ്റാൻഡിൽ കയറ്റാനാകാതെ ലോറികൾ റോഡിൽ നിർത്തിയിട്ടിരിക്കുകയാണ്. ആരോടു പരാതി പറയണമെന്നറിയാതെ കുഴങ്ങുകയാണ് തൊഴിലാളികളും നാട്ടുകാരും.
നവകേരള സദസ്സിനു വേണ്ടി ക്ഷേത്രഭൂമി അനുവദിച്ചതും സ്‌കൂൾ മതിൽ പൊളിച്ചതുമായ സംഭവങ്ങൾ കോടതി കയറിയതിനു പിന്നാലെയാണ് ഇരവിപുരത്തെ ഈ മാലിന്യ നിക്ഷേപവും വാർത്തയാകുന്നത്.