തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ബോട്ട് ഇറ്റലിയുടെ തീരത്ത് മുങ്ങി 60 മരണം
1 min readഇറ്റലിയുടെ തെക്കന്‍ തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 60 ആയി. കൊല്ലപ്പെട്ടവരില്‍ 12 പേര്‍ കുട്ടികളാണെന്നാണ് പുറത്തുവരുന്ന വിവരം.
ജീവിതത്തില്‍ ഒരിക്കലും കാണേണ്ടി വരരുതാത്ത കാഴ്ചയെന്നായിരുന്നു ദുരന്തമുഖത്തെത്തിയ കുട്രോ മേയറുടെ പ്രതികരണം. തിരയോടൊപ്പം തീരത്തേക്ക് വന്നടിയുകയായിരുന്ന മൃതദേഹങ്ങളില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള കുരുന്നുമുണ്ടായിരുന്നു. തുര്‍ക്കിയിലെ ഇസ്മിര്‍ തുറമുഖത്ത് നിന്നും നാല് ദിവസം മുന്‍പാണ് ബോട്ട് പുറപ്പെട്ടത്.
അഫ്ഗാന്‍, ഇറാന്‍ അഭയാര്‍ത്ഥികളായിരുന്നു ബോട്ടിലധികവും. യൂറോപ്പിന്റെ സുരക്ഷിതത്വം കൊതിച്ചാണ് ഈ അപകടയാത്രയ്ക്ക് അവര്‍ തുനിഞ്ഞിറങ്ങിയത്. പക്ഷേ തീരത്തടുക്കും മുന്‍പ് പാറക്കെട്ടുകളില്‍ ഇടിച്ച് ബോട്ട് തകര്‍ന്നു. ബോട്ടിലുണ്ടായിരുന്നവരില്‍ 81 പേര്‍ ജീവനോടെ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇവരില്‍ 20 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഒരാളുടെ നില അതീവഗുരുതരവും. 150നും 200നും ഇടയില്‍ യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.