ശ്വേത ബച്ചന് 50 കോടിയുടെ സമ്മാനം
1 min readമകള്‍ക്ക് കോടികളുടെ സ്‌നേഹ സമ്മാനവുമായി അമിതാഭ് ബച്ചന്‍
ഏറ്റവും ജനശ്രദ്ധ നേടുന്ന ബോളിവുഡ് താര കുടുംബമാണ് അമിതാഭ് ബച്ചന്റേത്. ബച്ചന്‍ കുടുംബത്തിലെ ജയ, അഭിഷേക്, ഐശ്വര്യ റായ്, അഗസ്ത്യ നന്ദ തുടങ്ങി മിക്കവരും അഭിനയ താരങ്ങളാണ്. എന്നാല്‍ ശ്വേത ബച്ചന്‍ തന്റെ സാന്നിധ്യം അറിയിച്ചത് സിനിമയിലൂടെയല്ല. കുടുംബത്തിലെ മറ്റു അംഗങ്ങള്‍ അഭിനയ ജീവിതം തിരഞ്ഞെടുത്തപ്പോള്‍ ശ്വേത തന്റേതായ വഴി തെരഞ്ഞെടുത്തത് മോഡലിംഗിലൂടെയും എഴുത്തിലൂടെയുമായിരുന്നു. എല്ലാ സുഖ സൗകര്യങ്ങളോടെയുമാണ് ശ്വേത ഇപ്പോള്‍ ജീവിക്കുന്നത്. ഇപ്പോഴിതാ അമിതാഭ് ബച്ചന്‍ 50 കോടി രൂപയുടെ സമ്മാനം നല്‍കിയിരിക്കുകയാണ് ശ്വേതയ്ക്ക്.
അമിതാഭ് ബച്ചന്‍ മുംബൈയില്‍ വാങ്ങിയ 50 കോടിയുടെ ആദ്യത്തെ വീടാണ് താരപുത്രിക്ക് സമ്മാനമായി നല്‍കിയത്. മുമ്പൊരിക്കല്‍ ഈ വീടുമായുള്ള അടുപ്പത്തെക്കുറിച്ച് അമിതാഭ് ബച്ചന്‍ സംസാരിച്ചിട്ടുണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ് റായ് ബച്ചന്‍ പ്രതീക്ഷ എന്ന പേര് നല്‍കിയ ഈ വീട്ടിലേക്ക് 1976 ലാണ് താമസം മാറുന്നത്. മക്കള്‍ രണ്ടുപേരും കുട്ടിക്കാലത്ത് ഈ വീട്ടിനടുത്തുള്ള ഗുല്‍മോഹര്‍ മരത്തിനടുത്തിരുന്ന് കളിക്കുമായിരുന്നു. മക്കള്‍ വിവാഹിതരായതും ഇവിടെ വെച്ചാണെന്നും അമിതാഭ് ബച്ചന്‍ പറയുന്നു. ഇപ്പോള്‍ ജല്‍സ എന്ന് പേരുള്ള നൂറ് കോടി വിലമതിപ്പുള്ള വീട്ടിലാണ് അമിതാഭ് ബച്ചനും കുടുംബവും താമസിക്കുന്നത്. മറ്റ് വീടുകള്‍ ഉണ്ടെങ്കിലും അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാന്‍ അഭിഷേകിന് ഇഷ്ടമല്ല അതുകൊണ്ട് അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായും ഈ വീട്ടില്‍ തന്നെയാണ് കഴിയുന്നത്. ഈ വീടിന്റെ അനന്തരാവകാശിയും അഭിഷേക് തന്നെയാണെന്നാണ് സൂചന.