ശബരിമല : സര്‍ക്കാരിന്റെ വീഴ്ച മന: പൂര്‍വമോ

1 min read

ശബരിമലയില്‍ ഭക്തര്‍ മലകയറാനാകാകെ മടങ്ങുന്നു. മലകയറിവര്‍ അതിലും വലിയ ദുരിതത്തില്‍

ഇത് പിടിപ്പുകേടോ , അതോ മന: പൂര്‍വമുള്ള നടപടിയോ. ശബരിമലയിലെ ദുരിതം കണ്ട ഒരാള്‍ക്ക് തോന്നുന്നതിതാണ്. ഇത്രമാത്രം കെടുകാര്യസ്ഥതയോടെ ഒരു സര്‍ക്കാരും ശബരിമലയിലെ ഭക്തരോട് പെരുമാറിയിട്ടില്ല. ലക്ഷക്കണക്കിന് ഭക്തരാണ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമായി എത്തുന്നത്. ഭക്തരുടെ എണ്ണം കൂടുതലായതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിലധികം ഭക്തര്‍ വരുന്ന സ്ഥലങ്ങളില്‍ എത്ര വൈദഗ്ദ്ധ്യത്തോടെയാണ് അവിടത്തെ അധികൃതര്‍ കൈകാര്യം ചെയ്യുന്നതെന്ന് നമ്മള്‍ കണ്ടതാണ്. പ്രത്യേകിച്ച് കുംഭമേളയിലൊക്കെ.

ശബരിമലയിലേക്ക് വന്നാല്‍ ഏറ്റവും ദയനീയമായ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ക്യൂവിലെ തിരക്കില്‍ നിന്ന് ക്ഷീണിച്ച കുട്ടികളെ വോളന്റിയര്‍മാരും പോലീസുകാരും രക്ഷപ്പെടുത്തുന്നത് നാം കണ്ടതാണ്. നിരവധി കുട്ടികളാണ് അച്ഛനില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ വേര്‍പെട്ട് പോയത്. ഇതെല്ലാം അധികൃതരുടെ പിടിപ്പുകേടുകൊണ്ടു തന്നെ. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരുവര്‍ഷത്തെ പ്രതീക്ഷകളുമായാണ് വ്രതമെടുത്ത് ഭക്തര്‍ മലയ്ക്ക് വരുന്നത്. കല്ലുംമുള്ളും ചവിട്ടിയുള്ള അവരുടെ മലയാത്രയില്‍ അവര്‍ക്ക് കൈത്താങ്ങാവുന്നതിന് പകരം കൂടുതല്‍ കുരുക്കുകളിടുകയാണ് സര്‍ക്കാര്‍. സുപ്രീംകോടതി വിധിയുടെ മറവില്‍ എന്തൊക്കെയാണ് അന്ന് സര്‍ക്കാര്‍ കാണിച്ചുകൂട്ടിയത്. രഹന ഫാത്തിമയെപ്പോലെയുള്ളവരെയും തമിഴനാട്ടില്‍ നിന്നുകൊണ്ടുവന്ന ആക്ടിവിസ്റ്റുകളെയും തലമറച്ചും മൂടിപ്പുതച്ചും പോലീസ് അകമ്പടിയില്‍ സന്നിധാനത്തെത്തിച്ച സര്‍ക്കാര്‍ എത്ര മത്സരബുദ്ധിയോടെയാണ് അന്ന് പ്രവര്‍ത്തിച്ചത്. ആയിരക്കണക്കിന് പോലീസുകാരെയാണ് അന്ന് ഭക്തരെ വിരട്ടാന്‍ ശബരിമലയിലേക്ക് കൊണ്ടുവന്നത്. അതിന്റെ പത്തിലൊന്ന് പേരുണ്ടെങ്കില്‍ ഇപ്പോള്‍ തിരക്ക് നിയന്ത്രിക്കാമായിരുന്നു. സര്‍ക്കാരിനാകട്ടെ സംസ്ഥാനത്തിന് പുറത്ത് നിന്നും അകത്തു നിന്നു വരുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിനേക്കാള്‍ പ്രാധാന്യം നവകേരള സദസ്സിന് സുരക്ഷയൊരുക്കുന്നതിലാണ്. മുഖ്യന്റെ ബസ് യാത്രയില്‍ ഓരോ സ്ഥലത്തും 2200 ഉം 2400ഉം പോലീസുകാരെ വരെയാണ് വിന്യസിക്കുന്നത്. അതേ സമയം ദിവസേന ലക്ഷം ഭക്തജനങ്ങള്‍ എത്തുന്ന ശബരിമലയില്‍ ഒരു ഷിഫ്റ്റിലുള്ളത് 600 പോലീസുകാരും. ഈ കണക്കുകള്‍ മാത്രം മതി സര്‍ക്കാരിന്റെ സമീപനം മനസ്സിലാക്കാന്‍. ഭഗവാന്റെ മുന്നില്‍ കൈ കൂപ്പാന്‍ പോലും സൈദ്ധാന്തിക പിടിവാശി അനുവദിക്കാത്തവരാണ് ദേവസ്വത്തിന്റെ അധികാരം മുഴുവന്‍ കൈയിലൊതുക്കിയിരിക്കുന്നതും. ലക്ഷക്കണക്കിന് ഭക്തര്‍ കാണിക്കയായി നല്‍കുന്ന കോടിക്കണക്കിന് രൂപ കയ്യിട്ടു വാരുന്നഇവര്‍ ഈ പണം കൊണ്ട് ഭക്ത ജനങ്ങള്‍ക്ക് എന്ത് ക്ഷേമ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഓരോ ഘട്ടത്തിലും അയ്യപ്പഭക്തരെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ശബരിമലയില്‍ മണ്ഡലകാലം തുടങ്ങിയ സമയത്താണ് മുഖ്യമ്രന്തിയും മന്ത്രിമാരും ഓഫീസില്‍ നിന്നിറങ്ങി ആഡംബര ബസില്‍ കയറിയത്. ഏതാണ്ട് മണ്ഡലകാലം തീരുന്നതുവരെ ഇവരൊന്നും ഓഫീസില്‍ കയറാതെ കറങ്ങി നടക്കുകയാണ്. ഒരുപക്ഷേ ഇതും അയ്യപ്പന്‍ നല്‍കിയ ഒരു ശിക്ഷയായിരിക്കും.

ഏതായാലും അയ്യപ്പഭക്തരെ ബുദ്ധിമുട്ടിച്ചതിന് പിണറായിക്കും കൂട്ടരും ജനം മറുപടി നല്‍കുമെന്നുറപ്പാണ്. ശബരിമലയില്‍ മൂന്നും നാലും മണിക്കൂര്‍ ക്യൂവില്‍നില്‍ക്കേണ്ടി വന്ന കാലമുണ്ട്. എന്നാല്‍ ഒരാള്‍ ദര്‍ശനം കിട്ടാന്‍ 20 മണിക്കൂര്‍ കുടിവെള്ളമില്ലാതെ കാത്തുനില്‍ക്കേണ്ടിവരിക എന്നു പറഞ്ഞാല്‍ അതിലും വലിയ പീഡനമുണ്ടോ. നിങ്ങള്‍ എന്തിനാണ് വന്നത്, മാസപൂജയ്ക്ക് വന്നുകൂടെ എന്നാണ് അധികൃതര്‍ ഭക്തരോട് ചോദിക്കുന്നത്. കുറച്ചു കഴിഞ്ഞാല്‍ കാണിക്ക ഞങ്ങള്‍ക്ക് ജി.പേ ആയി ഇട്ടുതന്നാല്‍ മതി, നിങ്ങള്‍ വീട്ടിലിരുന്നുതൊഴുതോ എന്നിവര്‍ പറയും.

പമ്പയിലെ കെ.എസ്. ആര്‍.ടിസി ജീവനക്കാര്‍ പറയുന്നതിങ്ങനെ ഭക്തരെ കൊണ്ടുപോകാന്‍ ഞങ്ങള്‍ തയാറാണ് എന്നാല്‍ 65 പേര്‍ ബസ്സില്‍ കയറാന്‍ സാധിക്കുന്ന സ്ഥലത്ത് 150 പേരെ വരെ കൊണ്ടുപോകാന്‍ പോലീസുകാര്‍ നിര്‍ബന്ധിക്കുന്നു. മറ്റാരുടെയോ വാക്കു കേട്ടാണ് ഇത്രയും ക്രൂരമായി ഉദ്ധ്യോഗസ്ഥര്‍ പെരുമാറുന്നത്. യാത്രക്കാര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരം ബസ് ജീവനക്കാര്‍ പറയേണ്ടി വരും. ഭക്തരും ബസ്സ് ജീവനക്കാരും ഇവരുടെ കെടുകാര്യസ്ഥതമൂലം ദുരവസ്ഥ അനുഭവിക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.