എ.ഐ.കാമറ : പിഴ നീട്ടിയത് ഒരുക്കങ്ങളാവാത്തതുകാരണമോ

1 min read

എ.ഐ.കാമറ : അല്ലെങ്കിലും പണം തട്ടുന്നത് ഇവര്‍ എന്നെങ്കിലും നീട്ടിവച്ചിട്ടുണ്ടോ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറ ഉപയോഗിച്ച് മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കണ്ടു പിടിച്ച് പിഴ ഈടാക്കുന്നത് മെയ് 19 വരെ നീട്ടുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നത്. നേരത്തെ ഏപ്രില്‍ 20ന് ആരംഭിക്കുമെന്ന് പറഞ്ഞതാണ് ഒരു മാസത്തേക്ക് നീട്ടിയത്. ഇത് ആത്മാര്‍ഥതയോടെയാണോ? ആളുകള്‍ക്ക് പുതിയ സംവിധാനത്തെക്കുറിച്ചറിയില്ല. അതുകൊണ്ട് ബോധവതകരണത്തിന് ശേഷം മതി പിഴ ഈടാക്കലെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. മെയ് 19 വരെ എ.ഐ കാമറ ബോധവത്കരണമാണെന്നും മെയ് 20 മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്നുമാണ് മന്ത്രി പറഞ്ഞത്.

എന്നാല്‍ പിഴ ഈടാക്കുന്നത് നീട്ടിയത് സര്‍ക്കാരിന്റെ ഉദാരമനസ്‌കത കൊണ്ടല്ലെന്നും കഴിവുകേട് കാരണമാണെന്നും ആരോപണമുയരുന്നു.

സംസ്ഥാനത്ത് റോഡുകളില്‍ എ.ഐ കാമറകള്‍ സ്ഥാപിച്ചത് വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിക്കുകയും സംവിധാനമൊരുക്കാതെയുമാണെന്നാണ് വിമര്‍ശനം.

തിരുവനന്തപുരത്ത് ട്രാന്‍സ്‌പോര്‍ട്ട് ഭവനിലാണ് കാമറകളുടെ കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി സ്ഥാപിച്ച 726 കാമറകളിലും പതിയുന്ന ദൃശ്യങ്ങള്‍ ആദ്യം എത്തുക ഈ കണ്‍ട്രോള്‍ റൂമിലാണ്. തുടര്‍ന്ന് അതാത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകളിലേക്ക് ഇത് കൈമാറും. അവിടങ്ങളിലെ എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് പിഴയിടുക. ഇതിനായി ആദ്യം നോട്ടീസ് അയക്കും.

ഇത് ചെയ്യാനായി നിരവധി ഉദ്യോഗസ്ഥരും സംവിധാനങ്ങളും വേണം. മിക്ക ജില്ലകളിലും പരിശീലനം സിദ്ധിച്ച ജീവനക്കാരെ നിയമിച്ചിട്ടില്ല. ട്രയല്‍ റണ്ണുകളും നടന്നിട്ടില്ല. മുഖ്യമന്ത്രിയുടെ തിയ്യതി കിട്ടിയതോടെ തട്ടിക്കൂട്ട് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്നാണ് വിമര്‍ശനമുയരുന്നത്.

ഗതാഗത സംവിധാനം സുരക്ഷിതമാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കണമെന്നാണ് പൊതുവേ അഭിപ്രായമെങ്കിലും ഇത് സര്‍ക്കാരിന് പണം പിടുങ്ങാനുള്ള അടവ് മാത്രമായാണ് വിമര്‍ശകര്‍ കാണുന്നത്. അതേ സമയം ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് സംവിധാനത്തെക്കുറിച്ച ഗതാഗത കമ്മിഷണര്‍ വെറുതെ വീമ്പിളക്കുകയാണെന്നും വിമര്‍ശനമുന്നയിക്കുന്നുണ്ട്. ശ്രീജിത് അവകാശപ്പെടുന്ന പലതും ഇതുവരെ ഒരുക്കാത്ത സംവിധാനമാണെന്നും ഉദ്യോഗസ്ഥരുടെ കൂടെ അരമണിക്കൂറിരുന്നു കാര്യങ്ങളൊക്കെ നന്നായി മനസ്സിലാക്കി വേണം കമ്മിഷണര്‍ വീമ്പിളക്കാന്‍ പോവേണ്ടതെന്നും ഈ മേഖലയില്‍ വൈദഗദ്ധ്യമുണ്ടെന്ന് അവകാശപ്പെടുന്ന ചിലര്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലുടെ പ്രതികരിച്ചു.

അതിനിടെ എ.ഐ കാമറകളുടെ പേരില്‍ കോടികളുടെ വെട്ടിപ്പ് നടക്കുകയാണെന്നും ചിലര്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിമര്‍ശനമുന്നയിച്ചു തുടങ്ങി.

കേരളത്തിലെ എ.ഐ കാമറകള്‍ വെറും ഇന്‍ഫ്രാറെഡ് കാമറയാണെന്നും അതിന് ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‌സ് കേപ്പബിലിറ്റി ഇല്ലെന്നും കേരളം കണ്ട എറ്റവും വലിയ അഴിമതിയാണിതെന്നും വിമര്‍ശനമുയരുന്നുണ്ട്. ആര്‍ക്കാണ് കരാര്‍, ഓരോ കാമറയ്ക്കും എത്ര തുക, ഏത് സോഫ്റ്റ് വെയര്‍, അത് ആരുണ്ടാക്കി എന്നൊക്കെ അറിയുമ്പോള്‍ കാര്യം പുറത്തുവരുമെന്നും നിസ്സാന്‍ കമ്പനിയുടെ വൈസ് ചെയര്‍മാനായിരുന്ന ടോണി തോമസ് പറയുന്നു.

കേരള ഈ മൊബിലിറ്റിയുടെയും ഐ.ടിയുടെയും സംസ്ഥാന തല ഹൈപവര്‍ കമ്മിറ്റി അംഗമായിരുന്നു ടോണി തോമസ്. 726 ആര്‍ട്ടിഫിഷ്യല്‍ കാമറയ്ക്ക് എന്തിനാണ് 232 കോടി എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം.

അതേ സമയം കേരളം മുഴുവന്‍ റോഡില്‍ കാമറ വച്ച് ആളുകളെക്കൊണ്ട് പിഴയടപ്പിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ജീവനക്കാരെ നിയന്ത്രിക്കാന്‍ കാമറ വയ്ക്കാത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്. പല സര്‍ക്കാര്‍ ജീവനക്കാരും കൃത്യമായി ഓഫീസുകളിലെത്തുന്നില്ല. വന്നവര്‍ തന്നെ എപ്പോഴും പുറത്തുകറങ്ങി നടപ്പാണ്. നാട്ടുകാര്‍ പല ആവശ്യങ്ങളുമായി വന്നാല്‍ ഉദ്യോഗസ്ഥരെ സീറ്റില്‍ കാണില്ല. പലരും യൂണിയന്‍ പ്രവര്‍ത്തനത്തിലായിരിക്കും. സ്ഥലം മാറ്റമൊക്കെ യൂണിയന്റെ നിയന്ത്രണത്തിലായതിനാല്‍ മേലുദ്യോഗസ്ഥരും സഹജീവനക്കാരും ഒന്നും മിണ്ടില്ല. പല ഓഫീസുകളിലും ജീവനക്കാരെ നിയന്ത്രിക്കാനുള്ള ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം പോലുള്ള പല സംവിധാനങ്ങളും ഒരുക്കിയെങ്കിലും യൂണിയന്‍കാരുടെ ഭീഷണിയെ തുടര്‍ന്ന് മുട്ടുമടക്കി. ജീവനക്കാരുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കുന്നയാളാണോ ഇരട്ടചങ്കന്‍ എന്നും പൊതുജനം ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.