മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ?
1 min read
ഡോ.സണ്ണിയും ഗംഗയും 30 വയസ്സ് കുറച്ചിട്ട് വന്നാൽ ആലോചിക്കാമെന്ന് ഫാസിൽ
മണിച്ചിത്രത്താഴിന് രണ്ടാം ഭാഗമുണ്ടാകുമോ എന്ന് മോഹൻലാൽ. അങ്ങനെയൊരു ക്ലാസിക് ഇനിയും ഉണ്ടാക്കിയാൽ ശരിയാകില്ല എന്ന് ഫാസിൽ. മുപ്പത് വയസ്സ് കുറച്ച് ഡോ.സണ്ണിയും ഗംഗയും വന്നാൽ നോക്കാം എന്നും തമാശയായി പറഞ്ഞു. മഴവിൽ മനോരമയുടെ അവാർഡ് വേദിയിൽ വെച്ചായിരുന്നു ഈ ചോദ്യവും ഉത്തരവും.
”ഒരു കാര്യം ചോദിക്കാനുണ്ട് പാച്ചിക്കാ. അതിപ്പോഴേ ചോദിച്ചേക്കാം. ഞാനും ശോഭനയും കൂടി ഇവിടെ നിന്നപ്പോൾ ഞാൻ പറഞ്ഞു നാഗവല്ലിയും ഡോക്ടർ സണ്ണിയും മുപ്പത് വർഷങ്ങൾക്ക് ശേഷവും ഇവിടെ നിൽക്കുന്നു എന്ന്. പാച്ചിക്കാ, ഒരുപാട് പേർ ചോദിക്കുന്നു മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന്. ശോഭനയും ചോദിച്ചു”. ഇതായിരുന്നു മോഹൻലാലിന്റെ ചോദ്യം.
”പലരും ഇത് ചോദിക്കുന്നുണ്ട്. ഞാൻ അറിയാതെ ക്ലാസിക് ആയിപ്പോയ പടമാണത്. ക്ലാസിക്കായി പോയ പടം രണ്ടാമത് ഉണ്ടാക്കുക എന്നത് ശരിയല്ല. ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വച്ചിട്ട് ഒരു 30 വയസ്സ് കുറച്ചിട്ട് നമുക്ക് അത് ചെയ്യാം. എപ്പോഴെങ്കിലും എാതെങ്കിലും വിധത്തിൽ, ഞാൻ വാക്ക് നൽകുന്നു”. ഫാസിൽ പറഞ്ഞു.
ഫാസിലിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു മണിച്ചിത്രത്താഴ്. മോഹൻലാൽ, ശോഭന, സുരേഷ്‌ഗോപി, നെടുമുടി, തിലകൻ, കെപിഎസി ലളിത, ഗണേഷ്, സുധീഷ്, വിനയപ്രസാദ്, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ചിത്രം. ചിത്രത്തിലെ കോമഡി രംഗങ്ങളും ഡയലോഗുകളും ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. ഇന്നും ടെലിവിഷൻ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്നു ഈ രംഗങ്ങൾ. മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം പല തവണ പ്രേക്ഷരിൽ നിന്നും കേട്ടതുമാണ്. ഇതിനിടയിലാണ് മോഹൻലാലിന്റെ ഈ ചോദ്യവും ഫാസിലിന്റെ മറുപടിയും.