165 കിലോമീറ്റര്‍ ട്രെക്ക് ചെയ്ത് കിട്ടിയ ഭാഗ്യം, ഹിമപ്പുലിയുടെ അതിമനോഹര ചിത്രങ്ങള്‍ പങ്കുവച്ച് ഫോട്ടോ?ഗ്രാഫര്‍
1 min readഅങ്ങനെ എളുപ്പത്തിലൊന്നും ആര്‍ക്കും കാണാനാവാത്ത ഒരു മൃഗമാണ് ഹിമപ്പുലി. സെന്‍ട്രല്‍, സൗത്ത് ഏഷ്യയിലെ പര്‍വ്വതങ്ങളിലാണ് മിക്കവാറും ഇവയെ കാണാറ്. മിക്കവാറും മറ്റ് മൃഗങ്ങള്‍ക്കിടയിലൊന്നും ഇവയെ കാണില്ല. മാത്രമല്ല, ശത്രുക്കളെ കബളിപ്പിക്കാന്‍ നല്ല കഴിവും ഇവയ്ക്കുണ്ട്.
IUCN റെഡ് ലിസ്റ്റ് പ്രകാരം വളരെ അധികം വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയില്‍ പെടുന്നവയാണ് ഹിമപ്പുലികള്‍. ലോകമെമ്പാടുമായി വെറും പത്തായിരത്തില്‍ താഴെ മാത്രമാണ് ഇവ ഇന്നുള്ളത് എന്ന് കണക്കുകള്‍ പറയുന്നു. 2040 ഓടുകൂടി ഇതില്‍ വീണ്ടും 10 ശതമാനം കുറയാനുള്ള സാധ്യത ഉണ്ട് എന്നാണ് പറയുന്നത്.
ഇവയെ എളുപ്പത്തിലൊന്നും കണ്ടെത്താന്‍ സാധിക്കില്ല എന്നത് കൊണ്ടുതന്നെ ഇവയെ ‘പര്‍വതങ്ങളിലെ പ്രേതങ്ങള്‍’ എന്ന് വിളിക്കാറുണ്ട്. ടിബറ്റന്‍ പീഠഭൂമിയിലും ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ ഹിമാലയത്തിന്റെ ഉയര്‍ന്ന ഉയരങ്ങളിലും ഇവ കാണപ്പെടുന്നുണ്ട് എങ്കിലും വളരെ വളരെ അപൂര്‍വമാണ്.
വളരെ ചുരുക്കം ട്രെക്കര്‍മാര്‍ക്കും വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രമാണ് അവയുടെ ചിത്രം പകര്‍ത്താനുള്ള ഭാഗ്യവും അതുകൊണ്ട് തന്നെ സിദ്ധിച്ചിട്ടുള്ളത്. അതും പലപ്പോഴും വളരെ ദൂരത്ത് നിന്നുമുള്ള അപൂര്‍വമായ ചിത്രങ്ങള്‍ ഒക്കെ മാത്രമാണ് കിട്ടിയിട്ടുള്ളത്.
എന്നാല്‍, ഇപ്പോള്‍ യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫറായ കിറ്റിയ പാവ്‌ലോവ്‌സ്‌കി പകര്‍ത്തിയ ചില ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രശംസ നേടുകയാണ്. കിറ്റിയ പകര്‍ത്തിയ ഹിമപ്പുലിയുടെ ചിത്രങ്ങള്‍ അവര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 165 കിലോമീറ്റര്‍ ട്രെക്ക് ചെയ്ത് പോയ ശേഷമാണ് തനിക്ക് ഈ അപൂര്‍വമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞത് എന്നും കിറ്റിയ വ്യക്തമാക്കിയിട്ടുണ്ട്.
വടക്കന്‍സെന്‍ട്രല്‍ നേപ്പാളിലെ 7,629 കി.മീ അന്നപൂര്‍ണ സംരക്ഷണ മേഖലയുടെ ഭാഗമായിട്ടുള്ള കഠിനമായ ഹിമാലയന്‍ ഭൂപ്രകൃതിയിലാണ് അവര്‍ ഹിമപ്പുലിക്ക് വേണ്ടി അന്വേഷിച്ചത്. ക്യാമറയും മറ്റുമായി ഭാരവുമേന്തിക്കൊണ്ട് വളരെ കഠിനമായ യാത്ര നടത്തിയതിനൊടുവിലാണ് തനിക്ക് ആ ഹിമപ്പുലിയുടെ ചിത്രങ്ങള്‍ ഇതുപോലെ പകര്‍ത്താന്‍ കഴിഞ്ഞത് എന്നും കിറ്റിയ പറഞ്ഞു.