ശിവയും സൂര്യയും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

1 min read

തമിഴില്‍ രണ്ട് വന്‍ പ്രോജക്റ്റുകള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. കമല്‍ ഹാസന്‍ നായകനാവുന്ന ഇന്ത്യന്‍ 2 ഒരിടവേളയ്ക്കു ശേഷം ഇന്ന് പുനരാരംഭിക്കുകയാണ്. ഒപ്പം മറ്റൊരു ചിത്രം ഇന്ന് തുടങ്ങുകയും ചെയ്യുന്നു. സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പ്രോജക്റ്റ് ആണ് അത്. സൂര്യയുടെ 42ാം ചിത്രമാണ് ഇത്.

രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ട് വര്‍ഷം മുന്‍പ് ചിത്രീകരണം നടക്കേണ്ട പ്രോജക്റ്റ് ആയിരുന്നു ഇത്. എന്നാല്‍ രജനിയുടെ ഡേറ്റ് ലഭിച്ചതോടെ ശിവ അണ്ണാത്തെയുടെ ജോലികളിലേക്ക് കടക്കുകയായിരുന്നു. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ്. എന്നാല്‍ ഈ പ്രോജക്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. ഇതിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം സൂര്യ ബാലയുടെ വണങ്കാന്‍ പൂര്‍ത്തിയാക്കും. 2023 തുടക്കത്തില്‍ സൂരറൈ പോട്രിനു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ ഭാഗമാവും.

കരിയറില്‍ ഇടക്കാലത്ത് സംഭവിച്ച ഒരു ഇടിവിനു ശേഷം ഉയര്‍ച്ചയുടെ പാതയിലാണ് സൂര്യ. ഡയറക്റ്റ് ഒടിടി റിലീസുകളായി എത്തിയ സൂരറൈ പോട്ര്, ജയ് ഭീം എന്നിവ വന്‍ പ്രേക്ഷകപ്രീതിയാണ് നേടിയത്. പിന്നാലെയെത്തിയ തിയറ്റര്‍ റിലീസ് എതര്‍ക്കും തുനിന്തവന്‍ വന്‍ വിജയമായില്ലെങ്കിലും പരാജയമായില്ല. എന്നാല്‍ സമീപകാലത്തെ ഒരു അതിഥിവേഷമാണ് സൂര്യ ആരാധകര്‍ തിയറ്ററുകളില്‍ ആഘോഷമാക്കിയത്. കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ ലോകേഷ് കനകരാജിന്റെ മള്‍ട്ടി സ്റ്റാര്‍ ചിത്രം വിക്രത്തിലെ റോളക്‌സ് ആയിരുന്നു സൂര്യയുടെ ആ കഥാപാത്രം. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസല്‍ ആണ് സൂര്യ ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സി എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. അതേസമയം സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്കില്‍ അതിഥിതാരമായും സൂര്യ എത്തുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.