ഭർത്താവായി അഭിനയിക്കരുതെന്ന് ജോത്സ്യൻ പറഞ്ഞപ്പോള്‍; മുകേഷിനെ ക്കുറിച്ച് ശ്രീകണ്ഠൻ വെഞ്ഞാറമൂട്
1 min readകൊച്ചി: ജൂനിയർ സീനിയർ സിനിമയിൽ ഭർത്താവിന്റെ വേഷം ചെയ്യാൻ മുകേഷ് മടിച്ചിരുന്നെന്ന് സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട്. സംവിധായകന്‍ പറയുന്നത് ഇങ്ങനെ: ‘ആ കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോ ഷൂട്ട് കവർ ചെയ്ത സിനിമകളിലൊന്നാണത്. രാവിലത്തെ പൂജ കഴിഞ്ഞ് ഒരു സീനെടുത്തപ്പോൾ ഒരു കാറ് വന്നു. കാറിന്റെ ഡോർ തുറന്ന് എന്നെ വലിച്ച് അകത്തോട്ടിടുന്നു. മുകേഷേട്ടനായിരുന്നു. ശ്രീകണ്ഠാ ഞാൻ ജോത്സ്യനെ കണ്ടു. ഒരിക്കലും ഇതിൽ എന്നെ ഭർത്താവ് ആക്കരുതെന്നാണ് ജോത്സ്യൻ പറഞ്ഞതെന്ന് പറഞ്ഞു. ചേട്ടാ അത് പറ്റില്ല, കഥ ഇങ്ങനെ ആയിപ്പോയെന്ന് ഞാൻ പറഞ്ഞു’
‘ഞാനങ്ങനെ പറയുമെന്ന് മുകേഷേട്ടൻ വിചാരിച്ചില്ല. പക്ഷെ ഞാൻ ബോൾഡായി പറഞ്ഞു. തിരിച്ച് അദ്ദേഹം എന്നെ കൊണ്ടാക്കി. ഇത് കഴിഞ്ഞ് ജഗദീഷേട്ടൻ വന്ന് ഡബ് ചെയ്തു. ഡബ് ചെയ്യാൻ മുകേഷേട്ടനെ വിളിച്ചു. ജഗദീഷ് എന്നെ വിളിച്ചിരുന്നു, നീ നന്നായിട്ട് ചെയ്തിട്ടുണ്ടെന്നാണ് പറഞ്ഞതെന്ന് പറഞ്ഞു. എനിക്കൊരു അവാർഡ് കിട്ടിയത് പോലെ ആയി. അന്നത്തെ കാലത്ത് നന്നായി ചെയ്ത സിനിമ ആണതെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു’
‘ആ സമയത്ത് വേറൊരു പ്രമുഖ സംവിധായകന്റെ പടം റിലീസ് ആയിരുന്നു. മുകേഷേട്ടൻ എനിക്ക് വേറൊരു സഹായം കൂടി ചെയ്തു. ഡെന്നിസ് ചേട്ടനെ പോയി കാണെന്ന് പറഞ്ഞു. വേറൊരു കഥ പറയാനായി. മുകേഷേട്ടൻ വിളിച്ചു പറഞ്ഞിരുന്നു, അതിനാൽ നല്ല സ്വീകരണമാണ് ലഭിച്ചത്. ഭക്ഷണമൊക്കെ കഴിച്ച് കഥയൊക്കെ പറഞ്ഞു. ജൂനിയർ സീനിയറിൽ ഭൂരിഭാഗവും പോണ്ടിച്ചേരിയാണ്’
‘പക്ഷെ നാലഞ്ച് ദിവസം മാത്രമാണ് പോണ്ടിച്ചേരി ഷൂട്ട് ചെയ്തത്. അതിന്റെ ഇന്റീരിയർ മുഴുവൻ എറണാകുളത്തെ ഹോട്ടലിൽ സെറ്റ് ചെയ്തു. എറണാകുളം ഷൂട്ടിംഗ് തീർത്ത് ഞാനും ചാക്കോച്ചനും മുകേഷേട്ടനും മീനാക്ഷിയും ചെന്നെെയ്ക്ക് പോയി’
‘അവിടെ എത്തി ഫോൺ വരുന്നത്, ക്യാമറാമാനായ എന്റെ സഹോദരൻ അനിൽ ഗോപിനാഥും ഒപ്പമുള്ളവരും സഞ്ചരിച്ച വാഹനം വരുന്ന വഴി ട്രക്കുമായി ഇടിച്ചെന്നാണ്. തകർന്ന് പോയി. പോണ്ടിച്ചേരിയിൽ ഷൂട്ട് നടക്കുമോ എന്നത് സംശയമായി. ഭാഗ്യത്തിന് വലിയ അപകടം പറ്റിയില്ല. പിറ്റേന്ന് ഉച്ചയോടെ ഷൂട്ടിംഗ് തുടങ്ങി. മൊത്തം 85 ലക്ഷം രൂപയായിരുന്നു സിനിമയുടെ ചെലവ്’
‘അതിൽ നിന്നും പരസ്യത്തിൽ നിന്ന് കുറച്ച് പൈസ കിട്ടി. ചാക്കോച്ചൻ കുറച്ച് ഇടിഞ്ഞ് നിൽക്കുന്ന സമയത്താണ് പടം ഇറങ്ങിയത്. പക്ഷെ എന്നാലും അന്നിറങ്ങിയ മറ്റ് ചാക്കോച്ചൻ സിനിമകളേക്കാൾ നന്നായി ഓടിയെന്നാണ് വിചാരിക്കുന്നത്,’ ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞു.