സിസേറിയൻ സമയത്തും പാട്ട് പാടാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു; വെളിപ്പെടുത്തിചിന്മയി ശ്രീപദ

1 min read

ഈ വർഷം ജൂണിലാണ് ചിന്മയി ഇരട്ടക്കുട്ടികള്‍ക്കു ജന്മം നൽകിയത്. ഇപ്പോള്‍ ഗായിക ചിന്മയി ശ്രീപദ ഗർഭകാല അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ഗർഭിണിയാണെന്ന വിവരം രഹസ്യമായി സൂക്ഷിക്കാനാണ് താൻ ആഗ്രഹിച്ചതെന്നും അടുത്ത ബന്ധുക്കൾക്കും സു‍ഹൃത്തുക്കൾക്കും മാത്രമേ അക്കാര്യം അറിയാമായിരുന്നുള്ളുവെന്നും ഗായിക വെളിപ്പെടുത്തി. . ഒരു മകനും മകളുമാണ് പിറന്നത്. ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് മക്കൾക്കു പേര് നൽകിയിരിക്കുന്നത്.

2014 ൽ ആയിരുന്നു ചിന്മയിയു‌ടെയും നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാഹുലിന്റെയും വിവാഹം. അടുത്തിടെ പുറത്തിറക്കിയ സമൂഹമാധ്യമ വിഡിയോയിൽ ഗർഭകാല അനുഭവം ചിന്മയി വിവരിച്ചതിങ്ങനെ:

‘ഗർഭിണിയാണെന്ന കാര്യം പരസ്യമാക്കേണ്ടെന്ന് നേരത്തേ തന്നെ ഞാൻ തീരുമാനിച്ചതാണ്. ഗർഭിണിയായ ശേഷം റെക്കോർഡിങ്ങിനും പ്രസ്മീറ്റിലുമെല്ലാം പങ്കെടുത്തിരുന്നു. റെക്കോർഡിങ് സമയത്ത് മേക്കിങ് വിഡിയോ പകർത്താൻ എത്തുന്നവരോട് വയർ ഉൾപ്പെടാത്ത രീതിയിൽ മാത്രമേ ചിത്രീകരണം നടത്താവൂ എന്ന് ഞാൻ പറഞ്ഞു. മാത്രവുമല്ല, ആ സമയങ്ങളിൽ വയറ് തെളിഞ്ഞു കാണാത്ത വിധം അയഞ്ഞ വസ്ത്രങ്ങളാണ് ഞാൻ ധരിച്ചിരുന്നത്. പ്രസ്മീറ്റിൽ പങ്കെടുത്തപ്പോഴെല്ലാം ഞാൻ ഗർഭിണിയാണെന്ന കാര്യം എഴുതരുതെന്ന് മാധ്യമപ്രവർത്തകരോടു പ്രത്യേകം പറഞ്ഞിരുന്നു. അവർ അത് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു. എനിക്കു തന്ന വാക്ക് ആരും തെറ്റിച്ചില്ല.

ഇരട്ടക്കുട്ടികളായിരുന്നതുകൊണ്ടു തന്നെ എനിക്ക് സിസേറിയൻ വേണ്ടിവന്നു. നോർമൽ ഡെലിവറി സാധ്യമായിരുന്നില്ല. ഒരു ആൺകുഞ്ഞിനു പെൺകുഞ്ഞിനുമാണ് ഞാൻ ജന്മം നൽകിയത്. സിസേറിയൻ സമയത്ത് എന്നോടു പാട്ട് പാടാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു. പെട്ടെന്ന് ഒന്നും ഓർമയിൽ വരാത്തതുകൊണ്ട് ഭജൻ ആണ് ഞാൻ പാടിയത്. മക്കൾ എന്റെ പാട്ട് കേട്ട് പുറത്തേയ്ക്കു വരണമെന്ന് ‍ഡോക്ടർമാര്‍ക്കു നിർബന്ധമായിരുന്നു. അതുകൊണ്ടാണ് അവർ പാട്ട് പാടണമെന്ന് എന്നോട് ആവശ്യപ്പെട്ടത്. സിസേറിയൻ കഴിഞ്ഞ് ഏതാനും ദിവസത്തേയ്ക്ക് വളരെയേറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നു. പിന്നീട് എല്ലാം പതിയെ ഭേദമായി’, ചിന്മയി പറഞ്ഞു.

ഗർഭകാല ചിത്രങ്ങളൊന്നും പങ്കുവയ്ക്കാത്തതിനാലും ഗർഭിണിയാണെന്നു വെളിപ്പെടുത്താത്തതിനാലും ചിന്മയി വാടകഗർഭപാത്രത്തിലൂടെയാണ് അമ്മയായതെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ സ്വകാര്യത സംരക്ഷിക്കാൻ വേണ്ടിയാണ് ഗർഭിണിയായ കാര്യം പരസ്യപ്പെടുത്താതിരുന്നതെന്ന് പിന്നീട് ചിന്മയി തന്നെ വെളിപ്പെടുത്തി. മക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കില്ലെന്ന് ഗായിക നേരത്തേ പറഞ്ഞിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.