ആര്‍ആര്‍ആര്‍’ ഓസ്‌കറിലേക്ക്

1 min read

ഓസ്‌കര്‍ അവാര്‍ഡില്‍ മത്സരിക്കാന്‍ രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആര്‍’. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തെ ‘ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍’ കാമ്പയിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 14 വിഭാഗങ്ങളില്‍ ചിത്രം മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’യാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാന്‍ നളിന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ബാഹുബലി 2ന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ‘രൗദ്രം രണം രുധിരം’ എന്നാണ് ഇതിന്റെ പൂര്‍ണ രൂപം. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം 550 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. 1150 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. തിയറ്റര്‍ റിലീസിന് പിന്നാലെ നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്‌ലിക്‌സില്‍ തുടര്‍ച്ചയായ 14-ാം വാരവും ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്നു ചിത്രം.

അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം.

Related posts:

Leave a Reply

Your email address will not be published.