കുട്ടനാടൻ കഥ റാഹേൽ മകൻ കോര റിലീസിനൊരുങ്ങുന്നു
1 min readകുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരു കുടുംബചിത്രം കൂടി റിലീസിനൊരുങ്ങുന്നു. നവാഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽ മകൻ കോര. പി.എസ്.സി പരീക്ഷയെഴുതി കെ.എസ്.ആർ.ടി.സി കണ്ടക്ടറായി ആലപ്പുഴ ഡിപ്പോയിൽ ജോലി കിട്ടിയ കോരയുടെയും അതോടെ ജോലി നഷ്ടപ്പെടുന്ന എംപാനൽ കണ്ടക്ടറായ ഗൗതമിയുടെയും കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നു ഉബൈനി. പാലായിൽ നിന്നാണ് കോര ആലപ്പുഴയിൽ എത്തുന്നത്. യുവതാരമായ ആൻസൺപോൾ കോരയെ അവതരിപ്പിക്കുന്നു. പൂമരത്തിലൂടെ ശ്രദ്ധ നേടിയ മെറിൻ ഫിലിപ്പാണ് ഗൗതമിയായെത്തുന്നത്. കോരയുടെ അമ്മ റാഹേലായി എത്തുന്നു സ്മിനു സിജോ. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകൂടിയാണ് ചിത്രം. ബേബി എടത്വായുടേതാണ് തിരക്കഥ. ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ്മേനോൻ ഈണം പകരുന്നു. ക്യാമറ ചലിപ്പിക്കുന്നത് ഷിജി ജയദേവൻ.