സിനിമ ബഹിഷ്‌കരണം വേണ്ട കര്‍ശന നിര്‍ദേശവുമായി പ്രധാനമന്ത്രി

1 min read

ന്യൂഡല്‍ഹി: ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാവശ്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. രാജ്യ ഭരണത്തിനും പാര്‍ട്ടി പ്രവര്‍ത്തനത്തിനും നമ്മള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ മാദ്ധ്യമങ്ങളിലും വാര്‍ത്തകളിലും നിറയുന്നത് സിനിമയ്ക്ക് എതിരായ ചിലരുടെ പരാമര്‍ശങ്ങളാണെന്നും ഇത് ശരിയായ പ്രവണതയല്ലെന്നും നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തിന്റെ ഏറ്റവും മികച്ച ദിനങ്ങളാണ് വരാനിരിക്കുന്നതെന്നും പൂര്‍ണമായും പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാനും പ്രധാനമന്ത്രി ആഹ്വാനം നല്‍കി. സ്വാതന്ത്ര്യത്തിന്റെ അമൃതകാലം കര്‍ത്തവ്യകാലമാക്കി മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാവരുടെയും രാജ്യമാണ് ഭാരതമെന്ന സന്ദേശം നല്‍കുന്നതിനായി വിവിധ ഭാഷകള്‍ സംസാരിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ഒന്നിപ്പിക്കുന്ന കാശി തമിഴ് സംഗമം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പൊതുതിരഞ്ഞെടുപ്പിന് ശേഷിക്കുന്നത് 400 ദിവസങ്ങളാണെന്നും ഇനി ടോപ്പ് ഗിയറിലിടേണ്ട സമയമായെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണം. നമുക്ക് ചരിത്രം കുറിക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. 400 സീറ്റ് എന്ന ലക്ഷ്യത്തോടെ ഇനിയുള്ള 400 ദിനങ്ങള്‍ പ്രവര്‍ത്തിക്കാനും യോഗത്തില്‍ മോദി ആവശ്യപ്പെട്ടു. അതിര്‍ത്തി ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും നിര്‍ദേശിച്ചു. മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് പറഞ്ഞു. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.

Related posts:

Leave a Reply

Your email address will not be published.