‘മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റം’, കേസ് അന്വേഷണത്തിന് പ്രത്യേക സംഘം, ഡ്രൈവറെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്

1 min read

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ കേസെടുത്ത് പൊലീസ്. മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റമാണ് ഡ്രൈവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തി. കണ്ടാലറിയാവുന്ന ആളിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. കേസ് അന്വേഷത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലത്തൂര്‍ ഡിവൈഎസ്പി അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു. അമിത വേഗത്തില്‍ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവര്‍ ജോമോനെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരാണ് മരിച്ചത്. മരിച്ചവരില്‍ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നു. എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പാലക്കാട് അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറയില്‍ രാത്രി 11.30 നു ആയിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും അനുശോചിച്ചു. അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപവീതവും സഹായധനം നല്‍കും. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു

Related posts:

Leave a Reply

Your email address will not be published.