ബസില്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ പോലീസുകാരന്‍ റിമാന്‍ഡില്‍
1 min readഇരിങ്ങാലക്കുട: സ്വകാര്യബസിലെ യാത്രയ്ക്കിടെ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ പോലീസുകാരന്‍ റിമാന്‍ഡില്‍. പോക്‌സോ കേസിലാണ് അറസ്റ്റ്. സി.ബി.ഐ.യില്‍ ഡെപ്യൂട്ടേഷനിലുള്ള പോലീസ് ഡ്രൈവര്‍ പുല്ലൂര്‍ സ്വദേശി രതീഷ് മോനെ (38) യാണ് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തിരക്കുണ്ടായിരുന്ന ബസില്‍ ഇരുന്ന് യാത്രചെയ്തിരുന്ന രതീഷ് അടുത്തുനിന്ന പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടി പ്രതിരോധിച്ച് കരഞ്ഞ് ബഹളം വെച്ചു. തുടര്‍ന്ന് സഹയാത്രികര്‍ ഇടപെട്ട് ഇയാളെ തടഞ്ഞുവെച്ചശേഷം ഇരിങ്ങാലക്കുട സ്റ്റാന്‍ഡിലെത്തിച്ച് പോലീസിന് കൈമാറി.
സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യംചെയ്യലിലാണ് പോലീസ് ഡ്രൈവറായിരുന്നെന്നും ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ സി.ബി.ഐ. എറണാകുളം യൂണിറ്റില്‍ ഡ്രൈവറാണെന്നും വ്യക്തമായത്. ഇരിങ്ങാലക്കുട എസ്.എച്ച്.ഒ. അനീഷ് കരീം പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്ത് പ്രതിയെ ചൊവ്വാഴ്ച തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കി. ജാമ്യം നല്‍കണമെന്ന പ്രതിഭാഗത്തിന്റെ വാദത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. തുടര്‍ന്ന് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.