കഥ മനസ്സിലായില്ല, ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ ഉപേക്ഷിച്ചു ചാക്കോച്ചൻ
1 min readകഥ പറയാനുള്ള കഴിവ് തനിക്കില്ലെന്ന് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ
മറ്റുള്ളവരെ കഥ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള കഴിവ് തനിക്കില്ലെന്ന് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ സംവിധായകനാണ് അദ്ദേഹം. സംസ്ഥാന ചലച്ചിത്ര അവാർഡിൽ, ജനപ്രിയചിത്രവും മികച്ച തിരക്കഥയും ഉൾപ്പെടെ എാഴ് പുരസ്‌കാരങ്ങളാണ് ചിത്രം വാരിയെടുത്തത്. ഒരു കള്ളൻ റോഡിലെ കുഴിയുടെ പേരിൽ പൊതുമരാമത്ത് മന്ത്രിയെ വെട്ടിലാക്കുന്ന കഥയാണ് ന്നാ താൻ കേസ് കൊട്. എന്നാൽ ഈ കഥ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വളരെയേറെ പ്രയാസമായിരുന്നു. എനിക്കെന്റെ കഥയിൽ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് മുന്നോട്ടുപോയി. തമിഴ്‌നാട്ടിലുണ്ടായ ഒരു വാഹനാപകടത്തിൽ നിന്നാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ കഥയുണ്ടായത്. ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഇരുപതോളം പേർ മരിച്ചു. ഇതിൽ ഡ്രൈവറെ പ്രതിയാക്കി കേസുമെടുത്തു. ഈ സംഭവത്തിൽ നിന്നും രൂപപ്പെടുത്തിയ കഥയാണിത്. കഥ ചാക്കോച്ചനും ഇഷ്ടപ്പെട്ടു. മുപ്പതോളം കോർട്ട് റൂം സിനിമകൾ കണ്ടിട്ടാണ് സിനിമയിലെ കോടതി രംഗങ്ങൾ ചിത്രീകരിച്ചത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പറയുന്നു.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയെക്കുറിച്ചും വ്യക്തമാക്കുന്നു രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. കഥ മനസ്സിലാകാത്തതുകൊണ്ട് പല നിർമ്മാതാക്കളും താരങ്ങളും വേണ്ടെന്നു വെച്ച സിനിമയാണിത്. പ്രായമായ അച്ഛന്റെ സംരക്ഷണത്തിനായി വരുന്ന റോബോട്ടിന്റെ കഥയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. പയ്യന്നൂർ എന്ന ഗ്രാമത്തിൽ റോബോട്ട് വന്നപ്പോഴുള്ള ആളുകളുടെ കൗതുകവും പ്രതികരണവും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയായിരുന്നു. ഈ സിനിമയുടെ കഥ നിർമ്മാതാവിനെപ്പോലും ബോധ്യപ്പെടുത്താൻ തനിക്ക് കഴിഞ്ഞില്ലെന്നു വ്യക്തമാക്കുന്നു അദ്ദേഹം. സുരാജ് വെഞ്ഞാറമ്മൂടിനും സൗബിൻ സാഹിറിനും ഒഴികെ മറ്റാർക്കും ഈ കഥ മനസ്സിലായില്ല. സൗബിൻ അവതരിപ്പിച്ച കഥാപാത്രം ചെയ്യാൻ ആദ്യം സമീപിച്ചത് കുഞ്ചാക്കോ ബോബനെയാണ്. അദ്ദേഹത്തിന് കഥ മനസ്സിലായില്ല. സിനിമ ഇറങ്ങിയശേഷം ചാക്കോച്ചൻ ഫോൺ ചെയ്തു പറഞ്ഞു: നീ പറഞ്ഞ കഥ എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. വേറെ സിനിമയുണ്ടെങ്കിൽ പറയണം. അതിനു ശേഷമെടുത്ത സിനിമയാണ് ന്നാ താൻ കേസ് കൊട്.