നന്‍പകലിന്റെ അവസാന പ്രദര്‍ശനത്തിന് അര്‍ധരാത്രി മുതല്‍ കാത്തുനില്‍പ്പ്

1 min read

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പുതിയ എഡിഷനില്‍ ഏറ്റവും തിരക്ക് സൃഷ്ടിച്ച ചിത്രം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവൂ. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് ആ ചിത്രം. 12 ന് ടാഗോര്‍ തിയറ്ററില്‍ വച്ച് നടന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഡെലിഗേറ്റുകളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. റിസര്‍വേഷന്‍ നടത്തി, മണിക്കൂറുകള്‍ ക്യൂവില്‍ നിന്നവര്‍ക്ക് ചിത്രം കാണാനായില്ലെന്നായിരുന്നു പരാതി. ഡെലിഗേറ്റുകള്‍ക്കു വേണ്ടിയുള്ള ചിത്രത്തിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ പ്രദര്‍ശനം ഇന്ന് രാവിലെ ആരംഭിച്ചു. മുന്‍ അനുഭവങ്ങളുടെ സ്വാധീനത്തില്‍ അര്‍ധരാത്രി മുതല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ ക്യൂ നിന്നവരുണ്ട്.

ടാഗോറിലെ പ്രീമിയറിനു ശേഷം ഇന്നലെ ഏരീസ് പ്ലെക്‌സ് ഓഡി 1 ല്‍ ആയിരുന്നു ചിത്രത്തിന്റെ രണ്ടാം പ്രദര്‍ശനം. ഈ പ്രദര്‍ശനത്തിനും വന്‍ തിരക്ക് ആയിരുന്നു. അജന്ത തിയറ്ററില്‍ ഇന്ന് രാവിലെ 9.30 ന് ആയിരുന്നു ചിത്രത്തിന്റെ അവസാന പ്രദര്‍ശനം. ചിത്രത്തിന് തിയറ്റര്‍ റിലീസ് ഉണ്ടാവുമോ എന്ന ചോദ്യത്തിന് അത് മമ്മൂട്ടി പറയട്ടെ എന്നായിരുന്നു പ്രീമിയര്‍ വേദിയില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മറുപടി. ആഗ്രഹിച്ചിട്ടും ചിത്രം കാണാന്‍ സാധിക്കാത്ത നിരവധി ഡെലിഗേറ്റുകള്‍ ഉള്ളതിനാല്‍ ഫെസ്റ്റിവലിലെ സ്‌ക്രീനിംഗ് വര്‍ധിപ്പിക്കണമെന്ന ആവശ്യവും ലിജോ പെല്ലിശ്ശേരിക്കു മുന്നില്‍ ഡെലിഗേറ്റുകളില്‍ ചിലര്‍ വച്ചിരുന്നു. ഇത് പരിഗണിക്കാമെന്ന് ലിജോ മറുപടി നല്‍കിയിരുന്നു. എന്നാല്‍ പ്രദര്‍ശത്തിന്റെ എണ്ണം വര്‍ധിപ്പിക്കുമോ എന്ന കാര്യം അക്കാദമി ഇനിയും അറിയിച്ചിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.