അമ്മ ചോരയില്‍കുളിച്ച് കിടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഒന്നുമറിയാതെ മക്കള്‍ മൂവരും
1 min readഒറ്റപ്പാലം: ഒന്ന് ഒച്ചവെക്കാന്‍പോലുമാകാതെ അമ്മ തൊട്ടപ്പുറത്തെ മുറിയില്‍ വെട്ടേറ്റ് ജീവന്‍വെടിയുമ്പോള്‍ മക്കള്‍ മൂന്നുപേരും ഉറക്കത്തിലായിരുന്നു. രക്തംപുരണ്ട മടവാളുമായി മുറിയിലേക്കുവന്നപ്പോഴും അവരൊന്നുമറിഞ്ഞില്ല.
ഒടുവില്‍ മടവാള് മകള്‍ക്കുനേരെയും വീശിയടുത്തു. അലര്ച്ചകേട്ടെണീറ്റ മക്കള്‍ അഭിരാം കൃഷ്ണയും അഭിനന്ദ് കൃഷ്ണയും തങ്ങള്കണ്ട കാഴ്ചയില്‍നിന്ന് മോചിതരായിട്ടില്ല. ഞെട്ടലോടെയാണ് കോതകുറിശ്ശി ഗ്രാമവും സംഭവത്തെക്കുറിച്ച് കേട്ടത്. രജനിക്ക് വെട്ടേല്‍ക്കുമ്പോള്‍ തൊട്ടപ്പുറത്തെ മുറിയിലാണ് ഇളയമക്കളായ അനഘയും ഏഴുവയസ്സുകാരന് അഭിരാം കൃഷ്ണയും കിടന്നിരുന്നത്. മറ്റൊരുമുറിയിലാണ് മൂത്തമകന് അഭിനന്ദ് കൃഷ്ണ (16) ഉറങ്ങിയിരുന്നത്. വെട്ടേറ്റ അനഘയുടെ അലര്‍ച്ചകേട്ടാണ് ഇരുവരും ഉണര്‍ന്നത്. ഇതോടെ, ഇവരും അലറിവിളിച്ചു. ഇതുകേട്ടാണ് അയല്‍വാസിയും കൃഷ്ണദാസന്റെ സഹോദരനുമായ മണികണ്ഠന് ഓടിയെത്തിയത്.
രജനിയുടെയും കൃഷ്ണദാസന്റെയും കുടുംബത്തില്‍ ഇതുവരെ കാര്യമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ വിശ്വസിക്കാനാവുന്നില്ലെന്നുമാണ് സുഹൃത്തുക്കളും പഞ്ചായത്തംഗം പി.പി. രേഷ്മയും പറയുന്നത്.
കഴിഞ്ഞദിവസങ്ങളില്പോലും ഇരുവരെയും ക്ഷേത്രത്തില്‍ കണ്ടിരുന്നെന്നും കൃഷ്ണദാസന് ജോലിക്ക് പോയിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു. കുറച്ചുകാലംമുമ്പ്, നിര്‍മാണത്തൊഴിലിനിടെ കെട്ടിടത്തില്‍നിന്ന് വീണ് പരിക്കേറ്റശേഷം വിഷാദരോഗത്തിന് സമാനമായ സ്ഥിതിയിലായിരുന്നു കൃഷ്ണദാസനെന്ന് പോലീസും പറയുന്നു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഒരു പ്രകോപനവുമില്ലാതെ, മുറിയിലെ കട്ടിലില്‍ ഉറങ്ങുകയായിരുന്ന രജനിയെ കൃഷ്ണദാസന് മടവാള്‍കൊണ്ട് വെട്ടുകയായിരുന്നെന്ന് പറയുന്നു. തുടര്‍ന്ന്, മറ്റൊരുമുറിയില്‍ക്കിടന്ന മകളെയും വെട്ടി. കുട്ടികള്‍ നിലവിളിക്കുന്നതുകേട്ട് തൊട്ടടുത്ത് താമസിക്കുന്ന കൃഷ്ണദാസിന്റെ സഹോദരന് മണികണ്ഠന് ഓടിയെത്തുകയും മടവാള് പിടിച്ചുവാങ്ങി പറമ്പിലേക്ക് എറിയുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബന്ധുക്കളാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന്, പോലീസെത്തുകയും രജനിയുടെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിക്കയും ചെയ്തു.
കഴുത്തിലും കീഴ്ത്താടിയിലുമാണ് രജനിക്ക് മുറിവേറ്റിട്ടുള്ളത്. മകള്‍ അനഘയ്ക്ക് തലയിലും കഴുത്തിലും മുറിവുണ്ട്. അനഘ അപകടനില തരണംചെയ്തെന്ന് പോലീസ് പറഞ്ഞു. സഹോദരന് മടവാള് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കൃഷ്ണദാസിന്റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഒറ്റപ്പാലം പോലീസ് ഇന്‍സ്പെക്ടര്‍ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സ്ഥലത്ത് വിരലടയാളവിദഗ്ധരും സാങ്കേതികവിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലയ്ക്കുപയോഗിച്ച മടവാള് വീടിന്റെ സമീപത്തുനിന്ന് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അഭിനന്ദ് കൃഷ്ണ (16), അഭിരാംകൃഷ്ണ (7) എന്നിവരാണ് രജനിയുടെ മറ്റ് മക്കള്‍. നിര്‍മാണത്തൊഴിലാളിയായിരുന്നു കൃഷ്ണദാസന്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.