കാളിദാസ് ജയറാമിന്റെ തമിഴ് ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ്.

1 min read

കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് ‘നച്ചത്തിരം നഗര്‍ഗിരത്’. പാ രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ‘നച്ചത്തിരം നഗര്‍ഗിരതി’ന്റെ സെന്‍സര്‍ പൂര്‍ത്തിയായിരിക്കുകയാണ് ഇപ്പോള്‍. കാളിദാസ് ജയറാമിന്റെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിക്കുന്നത്.

തമിഴകത്ത് എണ്ണം പറഞ്ഞ സിനിമകളില്‍ ഭാഗമായ മലയാളി താരമാണ് കാളിദാസ് ജയറാം. ‘പുത്തം പുതു കാലെ’, ‘പാവ കഥൈകള്‍’ എന്നീ ആന്തോളജി ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കാളിദാസ് ജയറാമിന് മികച്ച പേര് നേടിക്കൊടുത്തിരുന്നു. കമല്‍ഹാസന്‍ നായകനായ ‘വിക്രം’ എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന കാളിദാസ് ജയറാമിന് ഏറെ പ്രതീക്ഷയുള്ളതാണ് ‘നച്ചത്തിരം നഗര്‍ഗിരത്’. ഓഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളില്‍ എത്തും.

പാ രഞ്ജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തെത്തിയത് ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ‘സര്‍പട്ട പരമ്പരൈ’ ആണ്. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന പുതിയ ചിത്രം പാ രഞ്ജിത്തിന്റെ മുന്‍ സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. തന്റെ അരങ്ങേറ്റ ചിത്രമായിരുന്ന ‘ആട്ടക്കത്തി’ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമയുമാണ് ഇത്. കാളിദാസ് നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്ണന്‍, സുബത്ര റോബര്‍ട്ട്, ‘സര്‍പട്ട പരമ്പരൈ’ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

തെന്‍മ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എ കിഷോര്‍ കുമാര്‍ ആണ്. എഡിറ്റിംഗ് സെല്‍വ ആര്‍ കെ. നീലം പ്രൊഡക്ഷന്‍സ്, യാഴി ഫിലിംസ് എന്നീ ബാനറുകളില്‍ പാ രഞ്ജിത്ത്, വിഘ്‌നേശ് സുന്ദരേശന്‍, മനോജ് ലിയോണല്‍ ജാണ്‍സണ്‍ എന്നിവരാണ് നിര്‍മ്മാണം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം അവസാനിച്ചത്.

Related posts:

Leave a Reply

Your email address will not be published.