ഇന്ദ്രൻസിന്റെ മധുരപ്രതികാരം ദേശീയപുരസ്‌കാരത്തിലൂടെ
1 min readസംസ്ഥാനത്ത് തഴയപ്പെട്ടു. ദേശീയതലത്തിൽ പ്രത്യേക ജൂറി പരാമർശം
69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ദ്രൻസിനെ സംബന്ധിച്ച് ഒരു പകരം വീട്ടലാണ്. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശത്തിന് അർഹനായിരിക്കുകയാണ് മലയാളത്തിന്റെ ഇന്ദ്രൻസ്. ഇതേ ചിത്രത്തെ കഴിഞ്ഞ തവണ സംസ്ഥാന പുരസ്‌കാരപട്ടികയിൽ പരാമർശിക്കുക പോലും ചെയ്തിരുന്നില്ല.
ഹോമിലെ പ്രകടനത്തിന് ഇന്ദ്രൻസും മഞ്ജുപിള്ളയും പുരസ്‌കാരം നേടുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ പേര് ഒരിടത്തും പറയപ്പെട്ടതേയില്ല. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അവാർഡ് പ്രഖ്യാപന സമയത്തായിരുന്നു ഹോമിന്റെ നിർമാതാവും നടനുമായ വിജയ്ബാബുവിനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നുവന്നത്. അതുകൊണ്ടാണ് ഹോമിനെ തഴഞ്ഞത് എന്ന് ആരോപണമുണ്ടായിരുന്നു. ഒരു കുടുംബത്തിൽ ആരെങ്കിലും തെറ്റ് ചെയ്താൽ എല്ലാവരെയും ശിക്ഷിക്കണോ എന്നായിരുന്നു അന്ന് ഇന്ദ്രൻസിന്റെ പ്രതികരണം. അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഹോമിന്റെ സംവിധായകൻ റോജിൻ തോമസും നടി മഞ്ജു പിള്ളയും പ്രതികരിച്ചിരുന്നു. മഞ്ജുപിള്ള തഴയപ്പെട്ടതിൽ അത്ഭുതം കൂറി സംവിധായകൻ എംഎ നിഷാദ്. ഹോമിന് അംഗീകാരം നൽകാത്തതിനെ ഷാഫിപറമ്പിൽ എംഎൽഎയും വിമർശിച്ചിരുന്നു.
സംസ്ഥാനത്ത് തഴഞ്ഞതിനെ ദേശീയപുരസ്‌കാരം കൊണ്ട് പകരം വീട്ടിയിരിക്കുകയാണ് ഇന്ദ്രൻസ്. ദേശീയ ചലച്ചിത്ര അവാർഡ് ഇന്ദ്രൻസിന് ലഭിക്കുന്നത് ആദ്യമായാണ്. മുമ്പ് രണ്ടുതവണ സംസ്ഥാനപുരസ്‌കാരം ഇന്ദ്രൻസിനെ തേടിയെത്തിയിട്ടുണ്ട്. 2015ൽ അപ്പോത്തിക്കരിയിലൂടെ പ്രത്യേക ജൂറി പരാമർശം. 2018ൽ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടൻ. 2019ൽ സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടൻ ഇന്ദ്രൻസായിരുന്നു. വെയിൽമരങ്ങൾ എന്ന ചിത്രത്തിലെ പ്രകടനത്തിന്.
വസ്ത്രാലങ്കാരമായിരുന്നു ഇന്ദ്രൻസിന്റെ മേഖല. യഥാർത്ഥ പേര് സുരേന്ദ്രൻ. ഇന്ദ്രൻസ് എന്ന പേരിൽ ഒരു ടൈലറിംഗ് കടയും നടത്തിയിരുന്നു അദ്ദേഹം. പിന്നീട് സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതോടെ ഇന്ദ്രൻസ് എന്ന പേര് അദ്ദേഹം സ്വന്തമായി സ്വീകരിച്ചു. സിഐഡി ഉണ്ണികൃഷ്ണൻ ബിഎ ബിഎഡ് ഇന്ദ്രൻസിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളായി.