മാപ്പ് നല്‍കിയെന്ന് അവതാരക; ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി പിന്‍വലിച്ചു
1 min readകൊച്ചി: ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി പിന്‍വലിച്ചു. പരാതി പിന്‍വലിക്കാന്‍ ഹര്‍ജി പരാതിക്കാരി ഒപ്പിട്ട് നല്‍കി. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നുതന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെയാണ് സംഭവം. ശ്രീനാഥ് ഭാസിക്ക് മാപ്പ് നല്‍കുമെന്നും പരാതി പിന്‍വലിക്കുമെന്നും അവതാരക നേരത്തെ വ്യക്തമാക്കിയിരുന്നു.
ശ്രീനാഥ് ഭാസി നേരില്‍ കണ്ടെന്നും തെറ്റുകള്‍ ഏറ്റുപറഞ്ഞെന്നും അവതാരക പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം മാത്രമാണ് പരാതി പിന്‍വലിക്കാന്‍ സാധിക്കൂ. കോടതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
അഭിമുഖത്തിനിടെ, അവതാരകയെ അപമാനിച്ചെന്ന് ആരോപിച്ചുള്ള പരാതിയില്‍ പൊലീസ് നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്. ഐ പി സി 509, ഐ പി സി 354, 294 ബി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അറസ്റ്റിന് പിന്നാലെ ശ്രീനാഥ് ഭാസിക്കെതിരെ ലഹരി പരിശോധനയ്ക്ക് വിധേയനാകാന്‍ അന്വേഷണ സംഘം നീക്കം നടത്തിയിരുന്നു. ഇതിന് വേണ്ടി ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്ത സാമ്പിള്‍ എന്നിവ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അഭിമുഖത്തിന്റെ വീഡിയോയിലെ അസ്വഭാവികതെയെ തുടര്‍ന്നാണ് നടപടി. ഈ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുന്നതിനാണ് പരിശോധന.
ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുതിയ സിനിമകളില്‍ നിന്ന് വിലക്കിയിരുന്നു. സംഘടന ശ്രീനാഥ് ഭാസിയെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് നടനെതിരായ നടപടി.ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ ആണ് തീരുമാനിച്ചത്. ഇപ്പോള്‍ പരാതി പിന്‍വലിച്ചത് കൊണ്ട് വിലക്ക് മാറ്റുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.