ഗോഡ് ഫാദര്‍ ട്രൈലറിനു തൊട്ട് പിന്നാലെ ടോള്‍ പ്രവാഹം
1 min readമലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം സൂപ്പര്‍ ഹിറ്റും കടന്ന് മെഗാഹിറ്റായി മാറിയിരുന്നു. പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് റീമേക്കും പ്രഖ്യാപിക്കപ്പെട്ടു. മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രത്തിന് ഗോഡ് ഫാദര്‍ എന്ന പേരും നല്‍കി. ഗോഡ് ഫാദറുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ചിരഞ്ജീവിയുടെ മാസും ഫൈറ്റും കോര്‍ത്തിണക്കിയ ട്രെയിലര്‍ ഞൊടിയിട കൊണ്ട് തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒരു ദിവസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് നാല് മില്യാണ്‍ കാഴ്ചക്കാരെയാണ് ട്രെയിലര്‍ സ്വന്തമാക്കിയത്. ഇതിനിടയില്‍ ചിത്രത്തിലെ ഒരു സീനിനെ ലൂസിഫറില്‍ മോഹന്‍ലാല്‍ ചെയ്ത രംഗവുമായി താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.
ലൂസിഫറില്‍ മയില്‍വാഹനം എന്ന കഥാപാത്രത്തിന്റെ നെഞ്ചില്‍ മോഹന്‍ലാല്‍ ചവിട്ടുന്നൊരു രംഗമുണ്ട്. ലൂസിഫര്‍ പുറത്തിറങ്ങിയപ്പോള്‍ ഈ കിക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ഈ സീന്‍ ചിരഞ്ജീവിയും ചെയ്തിട്ടുണ്ട്. പക്ഷേ മോഹന്‍ലാല്‍ ചെയ്തത് പോലെ അല്ലെന്ന് മാത്രം. ഈ സീനിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
ആ മാസ് കിക്ക് സീന്‍ മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. ‘ചെലരുടേത് ശരി ആകും എന്റെ എന്തായാലും ശരി ആയില്ല, മെയ് വഴക്കം അങ്ങനെ പൊട്ടെന്നൊന്നും കിട്ടില്ല ചിരു ചേട്ടാ, നമിക്കുന്നു ലാലേട്ടന്‍, തെലുങ്ക് ലൂസിഫര്‍ എടുക്കാന്‍ ഉപയോഗിച്ച പൈസ ഉണ്ടെങ്കില്‍ മൂന്ന് ലൂസിഫര്‍ എങ്കിലും ഇതിലും നന്നായി പൃഥ്വിരാജ് ചെയ്യുമായിരുന്നു, കാര്യം അദ്ദേഹം വലിയ മെഗാസ്റ്റാര്‍ ഒക്കെ ആണെങ്കിലും ഇതൊന്നും അങ്ങനെ കൂട്ടിയാല്‍ കൂടില്ല, താരതമ്യം ആവാം അത് മോഹന്‍ലാലിനെ വെച്ച് വേണ്ടാ ആ ഒരു ലെവല്‍ ഒന്നും ഈ അണ്ണന്മാര്‍ക് ഇല്ല, ഉന്നാലെ മുടിയാത് തമ്പി’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തിന്റെ റോളില്‍ എത്തിയ സല്‍മാന്‍ ഖാനും ട്രോളുകളില്‍ നിറയുന്നുണ്ട്.
ചിരഞ്ജീവിയുടെ കരിയറിലെ 153ാം ചിത്രമാണ് ‘ഗോഡ്ഫാദര്‍’. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയന്‍താരയാണ് നായികയായി എത്തുന്നത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എസ് തമന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.