അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു; ചന്ദ്രയുടെ വിശേഷങ്ങള്‍ പങ്കിട്ട് ടോഷ് ക്രിസ്റ്റി
1 min readമിനി സ്‌ക്രീന്‍ പ്രേക്ഷരുടെ സ്വന്തം സുജാതയാണ് ചന്ദ്ര ലക്ഷ്മണ്‍. ഒരു സമയത്ത് മലയാള ടെലിവിഷന്‍, സിനിമാ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന താരം. 2002 ല്‍ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ച ചന്ദ്ര സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് മലയാള ടെലിവിഷന്‍ ആസ്വാദകരുടെ മനസ്സിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് കയറിക്കൂടിയത്. പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതനായ ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയുടെ ഭര്‍ത്താവ്. ടോഷും സിനിമകളിലും നിരവധി സീരിയലുകളിലും സജീവമാണ്. ഇപ്പോള്‍ ഇരുവരുടെയും ജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞ വിശേഷം പങ്കുവെക്കുകയാണ് താരങ്ങള്‍.
ചന്ദ്ര അമ്മ ആയിരിക്കുന്നു എന്ന വിവരമാണ് ടോഷ് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നത്. പ്രസവത്തിന് കുറച്ചുദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചെറിയൊരു ബ്രേക്ക് ചന്ദ്ര അഭിനയത്തില്‍ നിന്നും എടുക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നു ടോഷ് ക്രിസ്റ്റി തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു. ദൈവം തന്ന ഭാഗ്യമാണ്. മോനാണ് ഞങ്ങള്‍ക്ക്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സി സെക്ഷനിലൂടെയാണ് പ്രസവം നടന്നത്. ഇപ്പോള്‍ ചന്ദ്രയെ റൂമിലേക്ക് കൊണ്ടുവന്നു, എന്നും ടോഷ് പ്രതികരിച്ചു. ലേബര്‍ റൂമിലേക്ക് ചന്ദ്രയെ കൊണ്ടുപോകുന്നതും, പ്രസവശേഷം കുഞ്ഞിനെ ടോഷിന്റെ കൈയില്‍ കൊടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
2021 ല്‍ ആണ് ചന്ദ്രയും ടോഷും വിവാഹിതരായത്. സ്വന്തം സുജാതയുടെ നൂറാമത്തെ എപ്പിസോഡില്‍ വച്ചാണ് ടോഷും ചന്ദ്രയും ആദ്യമായി കണ്ടത്. പിന്നീട് നല്ല സുഹൃത്തുക്കളായി. പരിചയം പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. ടോഷും ചന്ദ്രയും ഒന്നിച്ച് അഭിനയിക്കുന്ന സ്വന്തം സുജാതയിലും, ചന്ദ്ര അമ്മയാകാന്‍ ഒരുങ്ങുകയാണ്. ജീവിതവും സീരിയലുമായി എവിടെയൊക്കെയോ ബന്ധമുണ്ട് എന്നും, സീരിയല്‍ സീരിയലിന്റെ വഴിക്കും, ഞങ്ങളുടെ ജീവിതം ഞങ്ങളുടേതായ വഴിക്കും പോകുമെന്ന് ടോഷ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.