കാമുകന്റെ ഭീഷണി അസഹനീയം; നടി വൈശാലി ടക്കര്‍ വീട്ടിൽ മരിച്ച നിലയിൽ
1 min readഭോപാൽ: ഹിന്ദി നടി വൈശാലി ടക്കര്‍ വീട്ടിൽ മരിച്ച നിലയിൽ. മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിൽ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
വൈശാലിയുടെ മുറിയിൽനിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. മുൻ കാമുകൻ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നതായും, വളരെയധികം സമ്മർദത്തിലായിരുന്നു എന്നുമാണു കുറിപ്പിൽ പരാമർശിക്കുന്നതെന്നാണ് വിവരം. ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. രാവിലെ വൈശാലിയെ കാണാതിരുന്നതിനെ തുടർന്നു പിതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
2015ൽ യേ രിസ്താ ക്യാ കെഹ്‌ലാത ഹേ എന്ന സീരിയലിലൂടെയാണ് വൈശാലി അഭിനയരംഗത്തേക്ക് എത്തുന്നത്. ബിഗ്ബോസ് താരം നിഷാന്ത് മൽക്കാനി നായികയായ ‘രക്ഷാബന്ധൻ’ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്. ഇൻസ്റ്റഗ്രാമിൽ അവസാനം പങ്കുവച്ചത് തമാശനിറഞ്ഞ റീലുകളും വിഡിയോകളുമാണെന്നും വൈശാലിയുടെ മരണം വിശ്വസിക്കാനാകുന്നില്ലെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.