ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകും
1 min readകൊച്ചി: അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് വിവാദത്തിലായ നടന്‍ ശ്രീനാഥ് ഭാസിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ശ്രീനാഥ് ഭാസിയെ വിളിപ്പിച്ച് ഇന്ന് പ്രാഥമിക മൊഴിയെടുക്കാനാണ് പൊലിീസിന്റെ തീരുമാനം. തിങ്കളാഴ്ച രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്ക് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ മാസം 22 ന് ആണ് അവതാരക ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ചോദ്യം ചെയ്യാന്‍ എത്തണം എന്ന് ആവശ്യപ്പെട്ട് മരട് പൊലീസ് ശ്രീനാഥ് ഭാസിക്ക് നോട്ടീസ് നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറി എന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി വിശദമായി തന്നെ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖം നടന്ന കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും. ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ക്ഷോഭിച്ചു പെരുമാറി എന്നാണ് അവതാരക പരാതിയില്‍ പറയുന്നത്. പിന്നാലെ മൂന്ന് ക്യാമറകളും ഓഫ് ചെയ്യിപ്പിച്ച് ശ്രീനാഥ് ഭാസി തെറിവിളി തുടങ്ങുകയായിരുന്നു. ഒരിക്കലും ഒരു പൊതുവേദിയില്‍ പറയാന്‍ കഴിയാത്ത വാക്കുകളായിരുന്നു അതെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് അവതാരക പറയുന്നത്. എന്നാല്‍ താന്‍ തെറിവിളിച്ചിട്ടില്ല എന്നാണ് ശ്രീനാഥ് ഭാസിയുടെ വിശദീകരണം. തന്നോട് മോശമായി പെരുമാറിയപ്പോള്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ എന്നും ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു. പിന്നാലെ ശനിയാഴ്ച രാത്രിയോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീനാഥ് ഭാസി രംഗത്തെത്തിയിരുന്നു. വിവാദത്തിന് പിന്നാലെ മറ്റൊരു റേഡിയോ അഭിമുഖത്തില്‍ അവതാരകനോട് ശ്രീനാഥ് ഭാസി മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തില്‍ സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.