കേരളത്തിന് ലോകസുന്ദരി
ഐശ്വര്യാ റായ് തന്നെ.
ഐശ്വര്യ റായ്‌യ്ക്ക് ഇന്ന് 49ന്റെ ‘യൗവനം
1 min read
വെള്ളിത്തിരയുടെ നിറസൗന്ദര്യം. അഭിനയത്തികവിന്റെ ചാരുതയില്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഐശ്വര്യ റായ്‌യ്ക്ക് ഇന്ന് 49ന്റെ ‘യൗവനം’. 25 വര്‍ഷമായി ഇന്ത്യയുടെ മുന്‍നിര നായികയായി തുടരുന്നുവെന്നതു തന്നെ ഐശ്വര്യ റായ്‌യുടെ പ്രതിഭയ്ക്ക് സാക്ഷ്യം. ഏറ്റവും ഒടുവില്‍ എത്തിയ ‘പൊന്നിയിന്‍ സെല്‍വനി’ലും ജ്വലിച്ചുനിന്ന ഐശ്വര്യ റായ്ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകവും താരലോകവും.
വിദ്യാഭ്യാസ കാലത്ത് തന്നെ മോഡലിംഗ് ചെയ്താണ് കലാരംഗത്തെ ഐശ്വര്യ റായ്‌യുടെ തുടക്കം. 1994ല്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഐശ്വര്യ റായ് മിസ് ഇന്ത്യാ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ലോക സുന്ദരിപ്പട്ടം ചൂടി ഐശ്വര്യ റായ് ഇന്ത്യയുടെ അഭിമാനമായി മാറി. ശേഷം മോഡലിംഗില്‍ സജീവമായ ഐശ്വര്യ റായ് വൈകാതെ സര്‍വകലകളുടെയും സംഗമമായ സിനിമയിലേക്കും എത്തുകയായിരുന്നു.
ലോക സുന്ദരിപ്പട്ടം നേടിയതിന് പിന്നാലെ ബോളിവുഡില്‍ നിന്നടക്കം നിരവധി അവസരങ്ങള്‍ ഐശ്വര്യ റായ്‌യെ തെരഞ്ഞെടുത്തിരുന്നു. പക്ഷേ ഐശ്വര്യ റായ് തെരഞ്ഞെടുത്തത് തമിഴകത്തെയായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന ചിത്രത്തിലൂടെ 1997ല്‍ ഐശ്വര്യ റായ് വെള്ളിത്തിരയില്‍ അരങ്ങേറി. ‘ഓര്‍ പ്യാര്‍ ഹോഗയാ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്ക് എത്തിയത്.
രാജ്യാന്തര ചലച്ചിത്രമേളകളിലും അന്താരാഷ്ട്ര പരസ്യ ബ്രാന്‍ഡുകളിലും മിന്നുംതാരമായി ഐശ്വര്യ റായ് ആഗോള പ്രശസ്തി നേടി. അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷവും അഭിനയം ഐശ്വര്യ റായ് തുടര്‍ന്നു. മകള്‍ ആരാധ്യക്ക് ജന്‍മം നല്‍കി അധികം വൈകാതെ ക്യാമറയ്ക്ക് മുന്നിലേക്ക് ഐശ്വര്യ റായ് തിരിച്ചെത്തിയിരുന്നു. അഞ്ച് ഭാഷകളിലായി 47 സിനിമകളിലേ ഇതുവരെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഇന്നും യുവ നടിമാരെ പോലും അമ്പരപ്പിക്കുന്ന തരത്തില്‍ ഇന്ത്യയുടെ വെള്ളിത്തിരയില്‍ നായികയായി അഭിനയജീവിതം തുടരുകയാണ് ഐശ്വര്യ റായ്.