നടനെന്ന നിലയിലുള്ള വലിയ അംഗീകാരം ലഭിച്ചത് റോഷാക്കിലൂടെ; മമ്മൂട്ടിയ്ക്ക് നന്ദിയെന്നു കോട്ടയം നസീര്‍
1 min readതിരുവനന്തപുരം: നടനെന്ന നിലയിലുള്ള വലിയ അംഗീകാരം ലഭിച്ചത് റോഷാക്ക് എന്ന ചിത്രത്തിലൂടെയാണെന്ന് കോട്ടയം നസീര്‍. തനിക്ക് അവസരം നല്കിയ മമ്മൂട്ടിയോടും സംവിധായകന് നിസാം ബഷീറിനോടും നന്ദി പറയുന്നുവെന്ന് കോട്ടയം നസീര്‍ റോഷാക്കിന്റെ വിജയത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഈ സിനിമയിലേക്ക് ഇങ്ങനെയൊരു വേഷത്തിലേക്ക് വിളിച്ചതിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. സിനിമയുടെ മുഴുവന്‍ തിരക്കഥ ആദ്യം തരുകയും കഥാപാത്രത്തെക്കുറിച്ച് സംവിധായകന് വിശദമായി കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു തരികയും ചെയ്തു. അഞ്ചോ ആറോ വട്ടം കഥ വായിച്ചപ്പോള്‍ എനിക്കത് കാണാപാഠമായി.
സിനിമയില്‍ ഞാന്‍ അഭിനയിച്ച ഭാഗങ്ങള്‍ കണ്ടപ്പോഴാണ് സംവിധായകന്റെ മികവ് മനസ്സിലാകുന്നത്. മമ്മൂക്കയ്ക്കൊപ്പം ഞാന്‍ നേരത്തേയും ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹവുമായി വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്. എന്നിരുന്നാലും അദ്ദേഹം സെറ്റിലേക്ക് കടന്നുവരുമ്പോള്‍ ഞാന്‍ പഠിച്ചതെല്ലാം മറന്നുപോകും. അതിന് കാരണം അദ്ദേഹം ഇതുവരെ ചെയ്ത കഥാപാത്രങ്ങള്‍ മനസ്സിലേക്ക് കടന്നുവരുന്നതാണ്.
കോവിഡ് വന്ന് രണ്ട് വര്‍ഷങ്ങള്‍ ഒന്നും ചെയ്യാനില്ലാതെ വന്നു. സിനിമയുമില്ല, സ്റ്റേജുമില്ല. മാത്രവുമല്ല ഒരുപാട് മികച്ച മിമിക്രി കലാകാരന്മാര് വന്നതുകൊണ്ട് എന്റെയെല്ലാം എക്സ്പയറി ഡേറ്റ് കഴിഞ്ഞുവെന്ന് എനിക്ക് മനസ്സിലായി. അങ്ങനെ പെയിന്റിങുമായി ഒതുങ്ങി കൂടാം എന്ന വിചാരിച്ച സമയത്താണ് മമ്മൂക്ക ഈ സിനിമയിലേക്ക് വിളിക്കുന്നത്- കോട്ടയം നസീര്‍ പറഞ്ഞു