വടക്കഞ്ചേരി അപകടം, ലുമിനസ് മാത്രമല്ല കെഎസ്ആര്‍ടിസിയും കരിമ്പട്ടികയില്‍; തെളിവുകള്‍ പുറത്ത്.
1 min readവടക്കാഞ്ചേരിയില്‍ ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപടത്തിന്റെ ഞെട്ടലിലാണ് മലയാളികള്‍. ഈ അപകടത്തിന് കാരണമായ ലുമിനസ് എന്ന ടൂറിസ്റ്റ് ബസ് തുടര്‍ച്ചയായി നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ബസ് ഇടിച്ചുകയറിയ കെഎസ്ആര്‍ടിസി ബസും അമിതവേഗതയ്ക്ക് നേരത്തെ തന്നെ മോട്ടോര്‍ വാഹന വകുപ്പിന്റെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വാഹനം ആണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
മോട്ടോര്‍വാഹനവകുപ്പിന്റെ എം പരിവാഹന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപകടത്തില്‍പ്പെട്ട കെഎല്‍ 15 എ 1313 എന്ന കെഎസ്ആര്‍ടിസി ബസ് എംവിഡിയുടെ കരമ്പട്ടികയില്‍ ആണ് എന്ന് എംവിഡി രേഖകള്‍ വ്യക്തമാക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് അമിതവേഗതയ്ക്ക് ഫൈന്‍ ചുമത്തിയ ഈ ബസ് ഇതുവരെ പിഴ അടച്ചിട്ടില്ല എന്നാണ് എം പരിവാഹന്‍ രേഖകള്‍ വ്യക്തമാക്കുന്നത്.
അതേസമയം അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിനെതിരെ രണ്ട് കേസുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം ആര്‍ടിഒയുടെ കീഴിലാണ് ലുമിനസ് എന്ന ഈ ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി കളേര്‍ഡ് ലൈറ്റുകള്‍ മുന്നിലും അകത്തും സ്ഥാപിച്ചു, നിയമവിരുദ്ധമായി എയര്‍ ഹോണ്‍ സ്ഥാപിച്ചു. നിയമം ലംഘനം നടത്തി വാഹനമോടിച്ചു ഇങ്ങനെയാണ് കേസുകള്‍ എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് രേഖകള്‍ പറയുന്നത്. ബ്ലാക് ലിസ്റ്റില്‍ പെടുത്തിയാലും സര്‍വീസ് നടത്തുന്നതിന് തടസമില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.
അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത് എന്നാണ് മന്ത്രി അറിയിച്ചത്. യാത്രയുടെ വിവരങ്ങള്‍ ഗതാഗത വകുപ്പിനെ മുന്‍ കൂട്ടി അറിയിച്ചില്ലെന്നതിലൂടെ സ്കൂള്‍ അധികൃതര്‍ക്കും വീഴ്ച പറ്റിയെന്നും മന്ത്രി പറഞ്ഞു.
അതിമ വേഗതയില്‍ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാര്‍ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് കാറിനെ മറികടക്കാന്‍ ശ്രമിക്കവേയാണ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ചത്. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദര്‍ശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോര്‍ വെഹിക്കിള്‍ സംഘം പരിശോധന നടത്തുകയാണ്. അപകട സമയം ചാറ്റല്‍ മഴ പെയ്തിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.
അപകടത്തിന് കാരണം സ്കൂള്‍ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണെന്ന് ദൃക്സാക്ഷികളും പറയുന്നു. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പുറകിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു. ഇടിച്ചയുടെ ആഘാതത്തില്‍ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. വരുന്ന വഴി മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് പാഞ്ഞെത്തിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുളളിലായി.
അതേസമയം അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ജോജോ പത്രോസ് ചികിത്സ തേടിയിരുന്നതായി വെളിപ്പെടുത്തല്‍. ഇകെ നായനാര്‍ ആശുപത്രിയിലെ നഴ്സ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അപകടത്തില്‍ പെട്ട ബസിലെ ഒരാള്‍ പുലര്‍ചെ ചികിത്സ തേടിയിരുന്നുവെന്നും ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞതെന്നും അവര്‍ പറഞ്ഞു.
എറണാകുളം ജില്ലയിലെ ഇലഞ്ഞിക്കടുത്ത് പൂക്കോടന്‍ വീട്ടില്‍ ജോജോ പത്രോസാണ് വാഹനാപകടത്തിന് കാരണമായ ബസ് ഓടിച്ച ഡ്രൈവര്‍. ആദ്യം അദ്ധ്യാപകന് എന്നാണ് ഇയാള്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. രാവിലെ ആറ് മണിയോടെ എറണാകുളത്ത് നിന്ന് ബസിന്റെ ഉടമകള്‍ എത്തി ഇയാളെ കൂട്ടികൊണ്ട് പോയി. ബസ്സിന്റെ ഡ്രൈവര്‍ എന്നാണ് ഇവര്‍ പറഞ്ഞതെന്നും നഴ്സ് വ്യക്തമാക്കി.