ലൂസിഫറില്‍ തനിക്ക് പൂര്‍ണമായും തൃപ്തി തോന്നിയില്ല; ഗോഡ്ഫാദറില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്ന് ചിരഞ്ജീവി

1 min read

ഹൈദരാബാദ്: ലൂസിഫറില്‍ തനിക്ക് പൂര്‍ണമായും തൃപ്തി തോന്നിയില്ലെന്നും അതുകൊണ്ട് ഗോഡ്ഫാദറില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്നും നടന്‍ ചിരഞ്ജീവി. സിനിമയുടെ റിലീസിനോടനുബന്ധിച്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.ചി രഞ്ജീവി നായകനായ സിനിമയാണ് ഗോഡ്ഫാദര്‍. മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേയ്ക്കാണ് ഗോഡ്ഫാദര്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി തെലുങ്കില്‍ ചിരഞ്ജീവിയെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രമായി എത്തുന്നത് സല്‍മാന്‍ ഖാനാണ്. കഥാപാത്രങ്ങളുടെ പേരില്‍ മാറ്റമുണ്ട്.

എനിക്ക് ലൂസഫിറില്‍ പൂര്‍ണതൃപ്തി തോന്നിയില്ല. കുറച്ചുകൂടി മെച്ചപ്പെടുത്തിയാണ് ഗോഡ്ഫാദര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ സിനിമയില്‍ ഒരൊറ്റ നിമിഷം പോലും പ്രേക്ഷകരെ മടുപ്പിക്കില്ല. നിങ്ങള്‍ എല്ലാവരും അത് ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്- ചിരഞ്ജീവി പറഞ്ഞു.

ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും പുറത്ത് വന്നപ്പോള്‍ മലയാളി പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. മോഹന്‍ലാലിന്റെയും ചിരഞ്ജീവിയുടെയും പ്രകടനങ്ങളെ താരതമ്യം ചെയ്ത് ഒട്ടേറെ ട്രോളുകള്‍ പുറത്തിറങ്ങുകയും ചെയ്തു.

ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഇത്. മലയാളത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് നയന്‍താരയാണ്.

മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷാ ആണ് ഛായാഗ്രഹണം. എസ്. തമന്‍ ആണ് സംഗീതം. സില്‍വയാണ് സംഘട്ട സംവിധായകന്‍. ലൂസിഫറിന്റെയും സംഘട്ടനം സംവിധാനം ചെയ്തത് സില്‍വയായിരുന്നു.

ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. പിന്നീട് സുജീത്ത്, വി.വി വിനായക് എന്നീ പേരുകള്‍ ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് വന്നുവെങ്കിലും ഇവര്‍ തിരക്കഥയില്‍ വരുത്തിയ മാറ്റങ്ങള്‍ താരത്തിന് തൃപ്തികരമാവാതിരുന്നതിനെ തുടര്‍ന്നാണ് തമിഴ് സംവിധായകന്‍ മോഹന്‍രാജ ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത്. എന്‍.വി. പ്രസാദ് ആണ് നിര്‍മാണം.

Related posts:

Leave a Reply

Your email address will not be published.