നടൻ വിശാലിന്റെ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം; വീടിന്റെ ഗ്ലാസുകള്‍ തകര്‍ന്നു
1 min readചെന്നൈ: നടൻ വിശാലിന്റെ ചെന്നൈ അണ്ണാനഗറിലുള്ള വീടിനുനേരെ അജ്ഞാതരുടെ ആക്രമണം. തിങ്കളാഴ്ച ഒരുസംഘം ആളുകൾ വിശാലിന്റെ വീടിന് കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ ബാൽക്കണിയിലെ ഗ്ലാസുകൾ തകരുകയും വീടിന് മറ്റ് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പോലീസ് അന്വേഷണം നടത്തിവരികയാണ്.
തിങ്കളാഴ്ച രാത്രിയാണ് വിശാലിന്റെ വീടിന് നേരെ അക്രമികൾ കല്ലെറിഞ്ഞത്. താരം മാതാപിതാക്കൾക്കൊപ്പമാണ് ഇവിടെ കഴിയുന്നത്. ചുവന്ന കാറിലെത്തിയ ഒരു സംഘമാളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് നടൻ പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വിശാൽ പോലീസിന് കൈമാറിയിട്ടുണ്ട്.
തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ. തമിഴിലെ മുൻനിര പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും വിശാലുമായുള്ള തർക്കവുമായി ബന്ധപ്പെട്ടുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്.
എ വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ലാത്തിയാണ് വിശാലിന്റേതായി പ്രദർശനത്തിന് തയ്യാറെടുക്കുന്ന ചിത്രം. ഓഗസ്റ്റിൽ റിലീസാകേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ആധിക് രവിചന്ദർ സംവിധാനം ചെയ്യുന്ന മാർക്ക് ആന്റണിയാണ് ചിത്രീകരണത്തിലുള്ള സിനിമ. ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റി വിശാൽ വിശ്രമത്തിലായതിനാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം തത്കാലം നിർത്തിവെച്ചിരിക്കുകയാണ്.