മാസ്റ്റര്‍ക്കൊപ്പം ചോളന്മാര് തലസ്ഥാനം ഇളക്കി മറിച്ചു
1 min read
പൊന്നിയിന്‍ സെല്വന് സൗത്ത് ഇന്ന്ത്യന് സിനിമ ഈ വര്‍ഷം കാണാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ്. മണിരത്നം തന്റെ പുതിയ ചിത്രം ഔദ്യോഗികമായി അറിയിച്ചപ്പോള്‍ മുതല്‍ വലിയ ആവേശത്തോടെ തന്നെയാണ് സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്നത്. കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്വന് എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പൊന്നിയിന്‍ സെല്വന്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയിട്ടുള്ള ചോള രാജ വംശത്തിന്റെ കഥയാണ്. ചോള വംശത്തിന്റെ ഏറ്റവും സമൃദ്ധി നിറഞ്ഞ കാലങ്ങളിലൊന്നിനെ പറ്റിപറയുന്ന നോവലിനെ ഒരു കാലത്ത് എംജിയാര്‍ മുതല്‍ ഒട്ടനവധി പ്രമുഖര്‍ സിനിമയാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ചരിത്മാണ് മണിരത്നം എന്ന മാസ്റ്റര്‍ തിരുത്തിക്കുറിക്കുന്നത്. പൊന്നിയിന്‍ സെല്വന്റെതായി നിലവില്‍ പുറത്തുവന്നിട്ടുള്ള പോസ്റ്ററുകളും ട്രൈലറുകളും തരുന്ന ആവേശം വളരെ വലുതാണ്. അതിന്റെ കാരണം മറ്റൊന്നുമല്ല; തമിഴിലേയും മലയാളത്തിലേയും ഒരു വന്താര നിര തന്നെ ഉണ്ടെന്നതാണ്. 500 കോടിയോളം രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത്കുമാര്, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, റിയാസ് ഖാന്, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. എ.ആര്. റഹ്മാന് സംഗീതം നല്കിയ ഗാനങ്ങളെല്ലാം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.
കേരളത്തിലെ ആരാധകരെ ആഹ്ലാദത്തിലാഴ്ത്തി പൊന്നിയിന്‍ സെല്‍വന്റെ പ്രചരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. പൊന്നിയിന്‍ സെല്വന് കേരള ലോഞ്ചിനോട് അനുബന്ധിച്ചാണ് താരങ്ങളെത്തിയത്. വൈകീട്ട് ആറ് മണിക്ക് നിശാഗന്ധി സ്റ്റേഡിയത്തില്‍ മണിരത്നത്തിന്റെ നേതൃത്വത്തില്‍ താരസദസ്സ് സംഘടിപ്പിക്കുകയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രം, കാര്‍ത്തി, ജയംരവി, ബാബു ആന്റണി, തൃഷ, ഐശ്വര്യ ലക്ഷ്മി, എന്നിവര്‍ സംവിധായകന് മണിരത്നത്തിനൊപ്പം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
രണ്ടു മണിക്കൂറിലധിക നീണ്ട പരിപാടിയില്‍ ആരാധകര്‍ക്ക് താരങ്ങളുമായി സംവദിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്.സെപ്തംബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനോടനുബന്ധിച്ച് രാജ്യത്തെ വന്‍നഗരങ്ങളില്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും ആരാധകരെ കാണാനെത്തും.