ഇവളെന്റെ ഡാൻസ് ടീച്ചറെന്ന് ഷാരൂഖ്

1 min read

ഷാരൂഖ് ഖാനൊപ്പം ജവാനിൽ അഭിനയിച്ച ഓർമ്മയിൽ പ്രിയാമണി

ബോക്‌സോഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ജവാനിൽ വലിയൊരു താരനിര തന്നെയാണുള്ളത്.  ആക്ഷൻ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇതിലെ സ്ത്രീകഥാപാത്രങ്ങൾ ശ്രദ്ധ നേടി.  ഇതിലൊരാളാണ് പ്രിയാമണി. ഷാരൂഖിനൊപ്പമുള്ള പ്രിയാമണിയുടെ രണ്ടാമത്തെ ചിത്രമാണിത്. ചെന്നൈ എക്‌സ്പ്രസിൽ ഷാരൂഖിനൊപ്പം ഡാൻസ് രംഗങ്ങളിൽ പ്രിയാമണിയുണ്ടായിരുന്നു. ചെന്നൈ എക്‌സ്പ്രസിൽ പ്രിയാമണി ചെയ്ത വൺ ടു ത്രീ ഫോർ എന്ന ഗാനരംഗം വൻ ഹിറ്റായിരുന്നു. നയൻതാരയെയാണ് ഈ ഡാൻസ് നമ്പറിലേക്ക് ആദ്യം പരിഗണിച്ചത്. എന്നാൽ നയൻതാര ഈ ഓഫർ സ്വികരിച്ചില്ല. അതോടെ പ്രിയാമണിക്ക് അവസരം ലഭിച്ചു. പ്രതിഫലമൊന്നും വാങ്ങാതെയാണ് പ്രിയാമണി ഈ ഗാനരംഗത്തിൽ അഭിനയിച്ചത്.

ഷാരൂഖ് ഖാനൊപ്പം ജവാനിൽ അഭിനയിച്ചപ്പോഴുണ്ടായ ഒരു സംഭവം ഓർത്തെടുക്കുകയാണ് പ്രിയാമണി. ഒരു ഗാനരംഗത്തിൽ ഷാരൂഖിന്റെ പിന്നിലായാണ് പ്രിയാമണി നിന്നിരുന്നത്. ഇതുകണ്ട് അദ്ദേഹം ചോദിച്ചു ”നീ പിന്നിൽ നിന്ന് എന്താണ് ചെയ്യുന്നത്”.
”അവർ എന്നെ ഇവിടെയാണ് നിർത്തിയത്” എന്ന് പ്രിയാമണി പറയുന്നു. അത് വേണ്ടെന്ന് പറഞ്ഞ ഷാരൂഖ് തന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ അടുത്ത് നിർത്തിച്ചു. ”ഈ പെൺകുട്ടി എനിക്കരികിൽ വേണം. കൊറിയോഗ്രാഫി എന്താണെന്ന് ഞാൻ നോക്കുന്നില്ല. ഇവൾ ചെന്നൈ എക്‌സ്പ്രസ് മുതൽ എന്റെ ഡാൻസ് ടീച്ചറാണ്. ” എന്ന് ഷാരൂഖ് കൊറിയോഗ്രാഫർ ഷോബി മാസ്റ്ററോടും സംവിധായകൻ അറ്റ്‌ലിയോടും പറഞ്ഞു. അവരും അത് സമ്മതിച്ചു. പ്രിയാമണി പറയുന്നു. ഓരോ ചുവടുകളിലും അദ്ദേഹം തന്നോട് അഭിപ്രായം ചോദിച്ചിരുന്നു.

സഹപ്രവർത്തകരോട് എപ്പോഴും നല്ല രീതിയിൽ പെരുമാറുന്നയാളാണ് ഷാരൂഖ് എന്ന് നിരവധി താരങ്ങൾ മുൻപും പറഞ്ഞിട്ടുണ്ട്.  ഷാരൂഖിന്റെ കടുത്ത ആരാധികയാണ് പ്രിയാമണി. നായികാ വേഷമല്ലെങ്കിലും ഷാരൂഖിനൊപ്പം ജവാനിൽ ഒരു പ്രധാനവേഷം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണവർ. ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ബോളിവുഡിൽ നിന്നുപോലും പ്രശംസയെത്തുന്നുണ്ട് പ്രിയാമണിയെത്തേടി.

Related posts:

Leave a Reply

Your email address will not be published.