പതിവ് തെറ്റിക്കാതെ ‘ദേവരസാന്ത’ 100 ആരാധകര്‍ക്ക് സൗജന്യയാത്രയുമായി എത്തി
1 min readചുരുങ്ങിയ കാലം കൊണ്ടുതന്നെ കണക്കില്ലാതെ ആരാധകരെ സമ്പാദിച്ച നടനാണ് വിജയ് ദേവരകൊണ്ട. എല്ലാ ക്രിസ്മസിനും തന്റെ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്കുന്ന പതിവും താരത്തിനുണ്ട്. ഇക്കുറിയും ആ പതിവ് ദേവരക്കൊണ്ട തെറ്റിച്ചില്ല. 100 ആരാധകര്‍ക്ക് തന്റെ ചിലവില്‍ ഒരു ഹോളിഡേ ട്രിപ്പാണ് വിജയ് ദേവരകൊണ്ടയുടെ ഇത്തവണത്തെ വാഗ്ദാനം.
കേട്ടത് സത്യമാണോ എന്ന് ആശയക്കുഴപ്പത്തിലായി നിന്ന ആരാധകര്‍ക്ക് മുന്നിലേക്ക് അധികം വൈകാതെ തന്നെ താരത്തിന്റെ ട്വീറ്റ് എത്തി. ഒരു പോള്‍ ആയിരുന്നു അത്. പോകണമെന്ന് ആഗ്രഹമുള്ള മേഖലകള്‍ ആരാധകര്‍ക്ക് വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കാനായിരുന്നു ഇത്. ഇന്ത്യയിലെ മലനിരകള്‍, ഇന്ത്യയിലെ കടല്‍ത്തീരങ്ങള്‍, കള്‍ച്ചര്‍ ട്രിപ്പ്, ഇന്ത്യയിലെ മരുഭൂമികള്‍ എന്നിവയായിരുന്നു ഓപ്ഷനുകളായി ഉണ്ടായിരുന്നത്.
ദേവരസാന്ത, അഞ്ച് വര്‍ഷം മുന്‍പാണ് ഈ സര്‍പ്രൈസ് ആരംഭിച്ചത്. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും നല്ലൊരു ആശയം ഇത്തവണ തനിക്കുണ്ട് എന്നും നിങ്ങളില്‍ നൂറുപേരെ എല്ലാ ചെലവുകളും വഹിച്ചുകൊണ്ട് ഞാനൊരു ഹോളിഡേയ്ക്ക് അയക്കാന്‍ പോകുന്നുവെന്നും എവിടേക്കാണെന്നത് തെരഞ്ഞെടുക്കാന്‍ നിങ്ങളെന്നെ സഹായിക്കാമോ’ എന്നുമാണ് വിജയ് ട്വീറ്റ് ചെയ്തത്. ഇതില്‍ 42 ശതമാനം പേരും വോട്ട് ചെയ്തത് ഇന്ത്യയിലെ മലനിരകള്ക്കായിരുന്നു.
31,000 ലേറെ ട്വിറ്റര്‍ ഉപയോക്താക്കളാണ് വോട്ടിങ്ങില്‍ പങ്കെടുത്തത്. ട്വീറ്റിന് 291,000 കാഴ്ചക്കാരേയും 38,000 ലൈക്കുകളും ലഭിച്ചു. സാമന്ത നായികയാവുന്ന കുഷിയാണ് വിജയ് ദേവരകൊണ്ടയുടേതായി വരാനിരിക്കുന്ന ചിത്രം. ജേഴ്സി എന്ന ചിത്രം സംവിധാനം ചെയ്ത ഗൗതം തിന്നനൂരിയുടെ പുതിയ ചിത്രത്തിലും നായകന് വിജയ് ദേവരകൊണ്ടയാണെന്നാണ് റിപ്പോര്‍ട്ട്.