സ്‌നേഹംനിറഞ്ഞ വല്യേട്ടനെ തന്ന വാത്സല്യം
1 min readവാത്സല്യം…സൂപ്പര്‍ഹിറ്റായ കാരണം ഇവരൊക്കെ
ന്യൂജനറേഷന്‍ സിനിമകള്‍ പെരുമഴപോലെ വരുന്ന സമയമാണ് ഇത്. വിചിത്രമായ പ്രമേയവും എവിടെയും കേട്ടുകേള്‍വിപോലുമില്ലാത്ത കഥാമുഹൂര്‍ത്തങ്ങളുമായി ചില സിനിമകള്‍ പ്രേക്ഷകരെ വലയ്ക്കുന്നുമുണ്ട്. എങ്കിലും മിക്ക സംവിധായകരും ന്യൂജനറേഷന്‍ കഥകള്‍ കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ക്ലാസിക് സിനിമകളുടെയും അഭിനയ പ്രതിഭകളുടെയും പ്രസക്തി മനസ്സിലാക്കേണ്ടത്. അത്തരത്തില്‍ ചലചിത്രാസ്വാദകര്‍ എന്നും ശ്രദ്ധിക്കപ്പെടേണ്ട സിനിമ..വാത്സല്യം.. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് വാത്സല്യം. കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത സിനിമ കൂടിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു നമ്മള്‍ ഈ സിനിമയില്‍ കണ്ടത്. മമ്മൂട്ടിയെന്ന മഹാനടന്റെ അഭിനയ ജീവിതത്തിലെ നിര്‍ണായക ചിത്രങ്ങളിലൊന്ന്. ഇന്നും മലയാളികള്‍ ഏറ്റെടുക്കുകയും ചിലര്‍ അതിനെ വിമര്‍ശിക്കുകയും ചെയ്യുന്ന ചിത്രം.
1993ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ലോഹിതദാസ് തിരക്കഥ ഒരുക്കി, കൊച്ചിന്‍ ഹനീഫ സംവിധാനം നിര്‍വഹിച്ചു. സഹോദരങ്ങള്‍ തമ്മിലുള്ള നിശ്കളങ്കമായ സ്‌നേഹബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു വാത്സല്യം. കൊച്ചിന്‍ ഹനീഫ, ലോഹിതദാസ്, അബൂബക്കര്‍ എന്നീ മൂന്ന് പേരുകള്‍ സ്മരിച്ചുകൊണ്ടല്ലാതെ ഈ ചിത്രത്തെ പറ്റി ചര്‍ച്ച ചെയ്യാനാവില്ല.
പലരും പറഞ്ഞതും പുതുമയുള്ളതുമായ വിഷയങ്ങളാല്‍ തന്റെ തൂലികാസ്പര്‍ശം കൊണ്ട് പ്രേക്ഷകമനസ്സിനെ കഥയുടെ വൈകാരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകാന്‍ കഴിവുള്ള, രചനാശൈലിയുടെ ഉടമയായിരുന്നു ലോഹിതദാസ്. വില്ലന്‍ കഥാപാത്രങ്ങളില്‍നിന്നും കോമഡിയിലേക്ക് വന്ന് നമ്മെ കുടുകുടെ ചിരിപ്പിച്ച കൊച്ചിന്‍ ഹനീഫ നല്ല സംവിധായകന്‍കൂടിയാണെന്ന് തെളിയിച്ച ചിത്രം. ചെറിയ വേഷങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും തന്റെ കഥാപാത്രത്തെ പ്രേക്ഷകമനസ്സില്‍ എന്നും ജീവിപ്പിക്കുന്ന പാത്രാവിഷ്‌കാരമാണ് അബൂബക്കര്‍ എന്ന നടനെ വ്യത്യസ്തനാക്കുന്നത്.
മേലേടത്ത് രാഘവന്‍നായരെ അനശ്വരനാക്കിയ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്റെ നട്ടെല്ലെങ്കിലും, മറ്റു സഹകഥാപാത്രങ്ങളെല്ലാം ചേരുംപടി ചേര്‍ന്നതിന്റെയും ആ കഥയുടെ ആശയാദര്‍ശങ്ങള്‍ ചോര്‍ന്നുപോവാതെ അവതരിപ്പിച്ചതിന്റെയും ക്രെഡിറ്റ് തിരകഥാകൃത്തിനും സംവിധായകനുമാണ്. സ്‌നേഹംനിറഞ്ഞ വല്യേട്ടന്‍, കുടുംബത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അധ്വാനശീലനായ കര്‍ഷകന്‍, എന്നിങ്ങനെ പല കാലമായി സിനിമ പറഞ്ഞുപോന്ന കഥതന്നെയായിരുന്നു വാത്സല്യത്തിന്റെതും. എന്നാല്‍ ലോഹിതദാസ് എന്ന എഴുത്തുകാരന്‍ അതിനെ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയിലേക്ക് അന്തരീക്ഷം ഒരുക്കി. കാണുന്ന പ്രേക്ഷകന്റെയും കണ്ണുനിറയ്ക്കുംവിധം അഭിനയവും സംഭാഷണത്തിലെ മോഡുലേഷനുംകൊണ്ട് മമ്മൂട്ടിയും ഒരു സ്‌നേഹത്തിരശ്ശീലതന്നെ തീര്‍ത്തു. കഥയുടെ കൃത്യമായ മൂഡ് അറിഞ്ഞുകൊണ്ട് കൈതപ്രം രചിച്ച പാട്ടുകളും കഥാന്തരീക്ഷത്തെ രാമായണവുമായി ബന്ധിപ്പിക്കുന്നതിലും കാര്‍ഷികലോകനന്മകള്‍ ആവിഷ്‌കരിക്കുന്നതിലും തുണയായി. ചിത്രം സൂപ്പര്‍ഹിറ്റായതിന്റെ ചേരുവകള്‍ വേറേ തിരയേണ്ടതില്ല.
ഈ ചിത്രത്തെക്കുറിച്ച് കൈതപ്രത്തിനും പറയാനുണ്ട് ചില നല്ല ഓര്‍മകള്‍. ഞാനും ലോഹിയും കൊച്ചിന്‍ ഹനീഫയും മമ്മൂട്ടിയും മുരളിയും എല്ലാം അടങ്ങിയ ഒരു ഗള്‍ഫ് യാത്രയ്ക്കിടയിലാണ് വാത്സല്യത്തിന്റെ ആദ്യചര്‍ച്ച നടക്കുന്നത്. ആ യാത്രയിലാണ് ലോഹിതദാസ് ഹനീഫയ്ക്കുവേണ്ടി ഒരു കഥ എഴുതിക്കൊടുക്കാമെന്ന് സമ്മതിക്കുന്നതെന്നാണ് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്.
കൊച്ചിന്‍ ഹനീഫ ഏഴ് മലയാള ചിത്രങ്ങളും ആറ് തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷേ, വാത്സല്യമാണ് അദ്ദേഹത്തിന്റെ ഏറ്റവും നല്ല ചിത്രമായി എന്നും അടയാളപ്പെടുത്തുന്നത്.
അമ്മാസിന്റെ ബാനറില്‍ മൂവിബഷീറാണ് ചിത്രം നിര്‍മിച്ചത്. അതിനുപിന്നിലും ഒരു രാഘവന്‍നായര്‍ ടച്ചുണ്ട്. മമ്മൂട്ടിയുടെ ബന്ധുവായ അദ്ദേഹത്തെ സഹായിക്കാനായി മമ്മൂട്ടി നല്‍കിയ ഡേറ്റാണ് വാത്സല്യത്തിന്റേത്. ജൂബിലി ജോയ് ആണ് ചിത്രം അവതരിപ്പിച്ചതും തീയേറ്ററുകളിലെത്തിച്ചതും. അന്ന് അമ്പതു ലക്ഷത്തിനാണ് ചിത്രം തീര്‍ന്നത്. മമ്മൂട്ടിക്കന്ന് പത്തുലക്ഷമായിരുന്നു പ്രതിഫലം. അനങ്ങനടി മലയുടെ താഴ്വാരത്തിലുള്ള ഒരു മനയും വയലുമായിരുന്നു പ്രധാന ലൊക്കേഷന്‍.