ആ ദൈവാലര്‍ച്ച ദിവസങ്ങള്‍ക്കു ശേഷവും മുഴങ്ങുന്നു; ‘കാന്താരാ’യെക്കുറിച്ച് വി എ ശ്രീകുമാര്‍
1 min readകെജിഎഫിനു ശേഷം കന്നഡ സിനിമയില്‍ നിന്ന് ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികളുടെ കൈയടികള്‍ നേടി പ്രദര്‍ശനം തുടരുകയാണ് ഒരു ചിത്രം. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച്, നായകനുമാവുന്ന കാന്താരാ ആണ് ആ ചിത്രം. ആഗോള ബോക്‌സ് ഓഫീസില്‍ ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം കളക്ഷനില്‍ ഇനിയുമേറെ മുന്നോട്ടുപോകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. ചലച്ചിത്ര മേഖലയില്‍ നിന്ന് നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍. കണ്ട് ദിവസങ്ങള്‍ക്കു ശേഷവും ചിത്രം നല്‍കിയ അനുഭവം വിട്ടുപോയിട്ടില്ലെന്ന് ശ്രീകുമാര്‍ പറയുന്നു.
‘കാന്താരാ കണ്ടു. കരച്ചിലും കല്‍പ്പനയുമുള്ള ദൈവാലര്‍ച്ച ദിവസങ്ങള്‍ക്കു ശേഷവും അതേ ആരവത്തില്‍ മുഴങ്ങുന്നു. മംഗലാപുരം ഉടുപ്പി കേന്ദ്രീകരിച്ച് ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കുന്ന പിടിച്ചുലയ്ക്കുന്ന മാറ്റം ആദ്യം പ്രതിഫലിക്കുന്നത് മലയാള സിനിമയിലാകും. 895 കിലോമീറ്റര്‍ ദൂരമാണ് മുംബൈ മംഗലാപുരം. മുംബൈക്ക് ഇവിടെ നിന്ന് പ്രതിഭകളെ ക്ഷണിക്കാതിരിക്കാന്‍ ആകില്ല. ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കാന്‍ പോകുന്ന സാംസ്‌കാരികവും രൂപപരവുമായ മാറ്റത്തെ കാന്താരാ അലറി അറിയിക്കുന്നു. കാന്താരാ എല്ലാവരും തിയറ്ററില്‍ കാണണം. ഇതുവരെ കണ്ടവരില്‍ ഇഷ്ടപ്പെട്ട 98 ശതമാനം ആളുകളില്‍ ഒരാളാകും നമ്മളും’, വി എ ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ഒറിജിനല്‍ കന്നഡ പതിപ്പ് തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30 ന് ആയിരുന്നു. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് സ്‌ക്രീനുകള്‍ കുറവെങ്കിലും പാന്‍ ഇന്ത്യന്‍ റിലീസ് ഉണ്ടായിരുന്നു. ആദ്യ 11 ദിനങ്ങളില്‍ നിന്ന് 60 കോടി നേടിയ ചിത്രം കര്‍ണാടകത്തിന് പുറത്തും മികച്ച അഭിപ്രായം നേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. ഇതുപ്രകാരം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളാണ് തിയറ്ററുകളിലേക്ക് എത്തിയത്.