പിതാവിനൊപ്പം നടന്നുപോയ കുട്ടിയെ കയറിപിടിച്ച പ്രതിയെ രക്ഷിക്കാന്‍ ഓട്ടോ ഡ്രൈവറുടെ ശ്രമം
1 min read
കല്‍പറ്റ: വയനാട്ടില്‍ പിതാവിനൊപ്പം നടന്ന് പോകവെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ റിമാന്റിലായി. പിതാവിനൊപ്പം നടക്കുകയായിരുന്ന പെണ്‍കുട്ടിയെ 38കാരന്‍ കയറിപ്പിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടുമെന്നായപ്പോള്‍ തന്ത്രപരമായി രക്ഷിക്കാന്‍ ശ്രമിച്ചയാളും റിമാന്റിലായി.
കല്‍പ്പറ്റ സ്റ്റേഷന്‍ പരിധിയിലാണ് പൊതുജനമധ്യത്തില്‍ വച്ച് കഴിഞ്ഞ ദിവസം അതിക്രമം നടന്നത്. പുത്തൂര്‍വയല്‍ മില്ല് റോഡ് തെങ്ങിന്‍തൊടി വീട്ടില്‍ നിഷാദ് ബാബു (38), മാങ്ങവയല്‍ കാരടി വീട്ടില്‍ അബു (51) എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. നിഷാദ് ബാബുവാണ് പെണ്‍കുട്ടിയെ അപമാനിച്ചത്. സംഭവത്തിന് പിന്നാലെ നിഷാദ് ബാബുവിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോ റിക്ഷയില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാണ് 51കാരനെ പിടികൂടിയത്.
പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതാണ് അബുവിനെതിരെയുള്ള കുറ്റം. പ്രതിയെ അബു വിദഗ്ദ്ധമായി ആള്‍ക്കൂട്ടത്തില്‍ മാറ്റി രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തെത്തിയവര്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പോക്‌സോയിലെ വിവിധ വകുപ്പുകളും പ്രകാരമാണ് പ്രതികള്‍ക്കെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതിയായ നിഷാദ് മുന്‍പും ബലാത്സംഗം, മോഷണക്കുറ്റങ്ങളില്‍ ശിക്ഷയനുഭവിച്ചയാളാണ്.