Vetrimaran….Storm Who Fight For Justice

1 min read

തമിഴകം ചേര്‍ത്ത് പിടിച്ച പോരാട്ട നായകന്‍; വെട്രിമാരന്‍

ചെയ്ത സിനിമകള്‍ എല്ലാം തന്നെ വിജയമാക്കിയ സംവിധായകന്‍. അരികുവത്കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ രാഷ്ട്രീയം സംസാരിക്കുന്ന സംവിധായകനെന്ന് വിശേഷിപ്പിക്കാം വെട്രിമാരനെ. ‘ഞാന്‍ സിനിമ ചെയ്യുകയല്ല, ഒരു സിനിമ സംഭവിക്കുമ്പോള്‍ അതിന്റെ ഭാഗമാവുകയാണ്’ എന്നാണ് വെട്രിമാരന്റെ പക്ഷം. അനീതിക്കെതിരെയും ജാതീയതയ്‌ക്കെതിരെയും തന്റെ സിനിമയിലൂടെ ശബ്ദമുയര്‍ത്തുക എന്നതാണ് വെട്രിമാരന്‍ ചിത്രങ്ങളുടെ രീതി. സംവിധായകന്‍ ബാലുമഹേന്ദ്രയുടെ ശിഷ്യനില്‍ നിന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സംവിധായകനായി വളര്‍ന്ന്, മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കിയ കലാകാരന്‍.

സിനിമ എന്ന സ്വപ്നത്തിലേക്ക് എത്തിപ്പെടാന്‍ ഏറെ കഷ്ടപ്പെട്ടു. ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി തമിഴ് ചലചിത്ര മേഖലയില്‍ തുടക്കം.

അസുരന്‍ സിനിമയിലെ ഒറ്റ ഡയലോഗ്…’നമ്മുടെ കൈയ്യില്‍ കാടുണ്ടെങ്കില്‍ അവര്‍ അത് എടുക്കും. പണമുണ്ടെങ്കില്‍ അത് തട്ടിപ്പറിക്കും. എന്നാല്‍ പഠിപ്പ് മാത്രം മറ്റാര്‍ക്കും നമ്മളില്‍ നിന്നും എടുക്കാന്‍ കഴിയില്ല’. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഇത്രയും ലളിതമായി കാണികളിലേക്ക് വിനിമയം ചെയ്ത മറ്റൊരു സിനിമയും സംവിധായകനും സമീപകാലത്തുണ്ടായിട്ടില്ല. വെട്രിമാരന്‍ ചിത്രങ്ങള്‍ക്ക് സമൂഹത്തോട് വളരെയേറെ പ്രതിബദ്ധതയുണ്ട് എന്നത് അദ്ദേഹത്തിന്റെ സിനിമകള്‍ തന്നെ സാക്ഷ്യം. പ്രേക്ഷകന് മികച്ച കാഴ്ച്ചാനുഭൂതി സമ്മാനിക്കുക എന്നതിലുപരി അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ രാഷ്ട്രീയത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാനാണ് വെട്രിമാരന്‍ ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും.

മുഖ്യധാരാ സിനിമയിലേക്ക് എത്തിപ്പെടാന്‍ വേണ്ടി ആയിരം പേരോടെങ്കിലും കഥ പറഞ്ഞിട്ടുണ്ട് അദ്ദേഹം. മാത്രമല്ല തനിക്ക് തിരക്കഥയഴുതാന്‍ അറിയില്ലെന്നും അത് പോയി പഠിക്കാന്‍ പറഞ്ഞവരുണ്ടെന്നും വെട്രിമാരന്‍ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളിങ്ങനെ. ‘ഒരു മുന്നൂറ് പ്രൊഡ്യൂസര്‍മാരോട് കഥ പറഞ്ഞിട്ടുണ്ട്. 150 ഹീറോമാരോടും ഹീറോ ആകാന്‍ പോകുന്നവന്മാരോടും ഹീറോസിന്റെ അച്ഛനും ചേട്ടന്മാര്‍ക്കുമെല്ലാം ഞാന്‍ കഥ പറഞ്ഞുകൊടുത്തിട്ടുണ്ട്. പൊല്ലാതവന് മുമ്പേ 1000 കഥകളെങ്കിലും പലരോടും പറഞ്ഞിട്ടുണ്ടാവും. അവരൊക്കെ ഫീഡ്ബാക്കും പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഈ സിനിമ ചെയ്യുന്നത്, നിനക്ക് തിരക്കഥയെഴുതാന്‍ അറിയില്ല, ആദ്യം അത് പോയി പഠിക്ക്, അത് കഴിഞ്ഞ് സിനിമ ചെയ്യാം എന്നൊക്കെ കേട്ടിട്ടുണ്ട്,’ എന്നായിരുന്നു വെട്രിമാരന്‍ തന്റെ അനുഭവത്തെപ്പറ്റി പറഞ്ഞത്.

സിനിമയില്‍ ആചാര്യനായ ബാലുമഹേന്ദ്ര പഠിപ്പിച്ചതും നൂറ് ശതമാനം അര്‍പ്പണ ബോധത്തോടെ സിനിമയെ സമീപിക്കാന്‍ മാത്രമാണ്. അവയുടെ ബോക്‌സ് ഓഫീസ് വിജയമൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നാല്‍ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്റെ പേര് ബിഗ് സ്‌ക്രീനില്‍ എഴുതി കാണിക്കുമ്പോഴേക്കും ആരവം തീര്‍ക്കാന്‍ പോന്ന പ്രേക്ഷകരെ സൃഷ്ടിക്കാന്‍ വെട്രിമാരന് കഴിഞ്ഞിട്ടുണ്ട്.

2007ല്‍ ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘പൊല്ലാതവന്‍’ ആണ് വെട്രിമാരന്റെ ആദ്യ ചലച്ചിത്രം. അതില്‍ തന്നെ നിരൂപക പ്രശംസ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യ സിനിമ തമിഴില്‍ വിജയം കണ്ടതോടെ കന്നടയിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടുവെങ്കിലും വിജയം കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ വെട്രിയുടെ രണ്ടാം ചിത്രം ബോക്‌സ് ഓഫീസില്‍ മാത്രമല്ല ദേശീയ തലത്തിലും ശ്രദ്ധയാകര്‍ഷിച്ചു. രണ്ടാം ചിത്രമായ ‘ആടുകളം’ നേടിയത് ആറ് ദേശീയ പുരസ്‌കാരങ്ങളാണ്. പിന്നീട് 2016ല്‍ പുറത്തിറങ്ങിയ ‘വിസാരണൈ’ എന്ന ചലച്ചിത്രം ആ വര്‍ഷം ഇന്ത്യയില്‍ നിന്ന് അക്കാദമി പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിത്രമായി. അങ്ങനെ തുടക്കം തന്നെ വെട്രിമാരന്‍ സിനിമപ്രേക്ഷകര്‍ക്കിടയിലും സിനിമ നിരൂപകര്‍ക്കിടയിലും സ്ഥാനമുറപ്പിച്ചു.

സമൂഹം ശ്രദ്ധിക്കാതെ പോകുന്ന ശ്രദ്ധിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍, മുഖം തിരിക്കുന്ന പാര്‍ഷ്വവത്കരിക്കപ്പെട്ട സമൂഹത്തിലേക്ക് വെട്രിമാരന്‍ തന്റെ കാമറ ഫേക്കസ് ചെയ്യുന്നു. അവരുടെ ജീവിതം, പ്രണയം, വീരം, പോരാട്ടം, വിശ്വാസങ്ങള്‍, അവര്‍ക്കുമേലുള്ള ചൂഷണം, എല്ലാം അയാള്‍ പ്രേക്ഷകന് മുന്നിലേക്ക് എത്തിക്കുന്നു. വിസാരണൈ എന്ന സിനിമ, നമ്മുടെ സിസ്റ്റത്തിന്റെ ഭയപ്പെടുത്തുന്ന ഭീകരതയെ, കാണുന്ന എല്ലാവരുടെയും മനസ്സില്‍ വ്യക്തമായി അടയാളപ്പെടുത്തുന്നു.

‘കാക്ക മുട്ടൈ’, ‘കൊടി’, ‘വട ചെന്നൈ’, ‘അസുരന്‍’, ‘പാവ കതൈകള്‍’ ആന്തോളജിയിലെ ‘ഒര് ഇരവ്’, ‘സങ്കത്തലൈവന്‍’, ‘വിടുതലൈ’ തുടങ്ങിയ ചലച്ചിത്രങ്ങള്‍ സമൂഹത്തിലെ വയലന്‍സ് ആകുവോളം പ്രതിഫലിച്ചവയാണ്. മിഡില്‍ ക്ലാസ്സ് കുടുംബ ജീവിതങ്ങള്‍ അഭ്രപാളികളിലേക്ക് കൊണ്ട് വരുമ്പോള്‍ ഫ്രെയ്മിന്റെ സൗന്ദര്യത്തെക്കാള്‍ കോണ്ടന്റിനോട് നീതി പുലര്‍ത്താനായിരുന്നു എക്കാലത്തും വെട്രിമാരന്‍ ശ്രദ്ധിച്ചിരുന്നത്. ‘ശക്തമായ രാഷ്ട്രീയം പറയുന്ന ഒരു സിനിമ ചെയ്യുന്നു എന്നതിന്റെ അര്‍ഥം, ഇവിടുത്തെ സിസ്റ്റത്തിന് ഇഷ്ടമല്ലാത്ത എന്തോ നമ്മള്‍ പറയാന്‍ പോകുന്നു എന്നാണ്’ എന്ന് വെട്രിമാരന്‍ തന്നെ തന്റെ പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നു. തമിഴ് ജനതയുടെ പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും ശബ്ദമായ വെട്രിമാരന്റെ വരാനിരിക്കുന്ന വട ചെന്നൈ, വിടുതലൈ സിനിമകളുടെ രണ്ടാം ഭാഗങ്ങള്‍ക്കും തുടര്‍ന്നുള്ള സിനിമകള്‍ക്കും വേണ്ടി കാത്തിരിക്കുകയാണ് വെട്രിമാരന്‍ ആരാധകര്‍.

Related posts:

Leave a Reply

Your email address will not be published.