സ്പനങ്ങള്‍ക്കും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍ റോയ്

1 min read

ഹരിത നന്ദിനി

സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് റോയ്. സോണി ലൈവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്ന ചിത്രം ഇതിനോടകം നല്ല അഭിപ്രായങ്ങളോടെ മുന്നേറുന്നു. സുരാജ് വെഞ്ചാറമൂടും സിജാ റോസും ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരിടവേളക്ക് ശേഷം സിജാറോസ് നായികയായി തിരിച്ചു വന്നിരിക്കുകയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും സുനില്‍ ഇബ്രാഹിം തന്നെയാണ്.

ചാപ്‌റ്റേഴ്‌സ്, അരികില്‍ ഒരാള്‍, വൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോയ് ‘.ചിത്രത്തില്‍ റോയ് എന്ന മുന്‍ ലൈബ്രേറിയന്റെയും മാധ്യമ പ്രവര്‍ത്തകയായ ഭാര്യ ടീനയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് കഥ പുരോഗമിക്കുന്നത്. തന്റെ ജീവിതത്തില്‍ ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ സ്വപ്നത്തിലൂടെ മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന ഒരു മാനസ്സികാവസ്ഥ പിടിപെട്ട് സ്വപ്‌നവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന വ്യക്തിയാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന റോയ് എന്ന കഥാപാത്രം. മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ടീന എന്ന കഥാപാത്രത്തെയാണ് സിജാ റോസ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. റോയിയുടെ മാനസ്സിക പ്രശ്‌നം തിരിച്ചറിഞ്ഞിട്ടും ഒരു കുലുക്കവുമില്ലാതെ സ്വപ്‌നത്തില്‍നിന്ന് റോയിയെ ടീന യാഥാര്‍ത്ഥ്യത്തിലേക്ക് നയിക്കുന്നു. സമൂഹം അസൂയയോടെ നോക്കുന്ന ദാമ്പത്യം നയിക്കുന്ന രണ്ട് പേരാണ് റോയിയും ടീനയും.

ഒരിക്കല്‍ റോയികാണുന്ന ഒരു സ്വപ്‌നത്തിന്റെ യാഥാര്‍ത്ഥ്യം തിരഞ്ഞുപോകുന്ന ടീനയെ കാണാതാകുന്നു. പിന്നീട് ഇത്തരത്തില്‍ ഒരു മാനസ്സികാവസ്ഥയില്‍ നിന്നുകൊണ്ട് റോയി കാണുന്ന സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി ടീനയെ കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ കഥ. റോയി ആയിട്ടുള്ള സുരാജിന്റെ പകര്‍ന്നാട്ടം ഒന്നിനൊന്ന് മികച്ചതാണ്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ എന്നതിന് പുറമേ വളരെ വ്യത്യസ്തമായ ഒരു കഥാഗതിയിലൂടെയാണ് റോയ് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്.

ചിത്രത്തില്‍ സിജാ റോസ് അവതരിപ്പിച്ച ടീനാ എന്ന കാഥാപാത്രവും ഒന്നിനൊന്ന് മികച്ചതായിരുന്നു. വിദ്യാസമ്പന്നയും വളരെ വ്യത്യസ്തവുമായി ചിന്തിക്കുന്ന ഒരു പെണ്‍കുട്ടി തന്നെക്കാള്‍ പ്രായം കൂടുതലുള്ള പുനര്‍വിവാഹിതനായ ഒരുവനെ സ്‌നേഹിച്ച് വിവാഹം കഴിക്കുന്നു. അവള്‍ക്ക് പ്രിയപ്പെട്ടതെന്നുള്ള എല്ലാവരെയും അവള്‍ വേണ്ടെന്നുവെച്ച് റോയിയെ വിവാഹം കഴിക്കുകയും അയാളുടെ സ്വപ്‌നങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും ഇടയില്‍
നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ തനിക്ക് പ്രിയപ്പെട്ടതായി ടീന മാത്രമുള്ള റോയി മികച്ച പാട്ട്ണറും അവളുടെ ആഗ്രഹങ്ങളുടെയും താല്പര്യങ്ങളുടെയും കാവല്‍ക്കാരനായി മാറുന്നു.

ടീനയെ കാണാതാകുന്നതിനെ തുടര്‍ന്ന് റോയ് പോലീസില്‍ പരാതിപ്പെടുകയും പോലീസ് സ്‌റ്റേഷനില്‍ ഒരു വ്യത്യസ്ത മാനസ്സിക അവസ്ഥയില്‍ പോലീസുകാരോട് പെരുമാറുകയും ചെയ്യുന്നു. റോയിയുടെ ഈ സ്വഭാവം ഇഷ്ടപ്പെടാതെ വരുന്ന പോലീസ്സുകാര്‍ റോയിയെ ചോദ്യം ചെയ്യുമ്പോള്‍ തന്റെ മാനസ്സിക പ്രശ്‌നത്തെ പറ്റി റോയി തുറന്ന് പറയുന്നു ഇതു കേള്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ അയാളെ പരിഹസിക്കുകയും ചെയ്യുന്നു ഇതോടെ തന്നെ രക്ഷിക്കാന്‍ മറ്റാരും വരില്ലെന്ന് മനസ്സിലാക്കുന്ന റോയ് ഒടുവില്‍ താന്‍ കാണുന്ന സ്വപ്‌നങ്ങളുടെ പിന്നാലെ പോവുകയും ചെയ്യുന്നു. ഒടുവില്‍ ടീനയെ കണ്ടെത്തുകയും ചെയ്യുന്നു. എന്നാല്‍ തന്റെ ഭാര്യയെ കണ്ടെത്തുന്നതിനൊപ്പം ഒരിക്കലും പുറത്ത് വരില്ലെന്ന് ഉറപ്പ് വരുത്തിയ ഒരു കൊലപാതകത്തിന്റെ ചുരുളും അഴിച്ചെടുക്കുന്നു. ജിന്‍സ് ബാസ്‌കര്‍, റിയ സൈറ എന്നിവരും റോയിയില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നു. ഗോപി സുന്ദറിന്റെ സംഗീതം വേറിട്ടുനില്‍ക്കുന്നു.

സുനില്‍ ഇബ്രാഹിമിന്റെ മുന്‍ചിത്രങ്ങള്‍ പോലെ തുടക്കം മുതല്‍ ഒടുക്കം വരെ കഥയിലെ ദുരൂഹത നിലനിര്‍ത്താന്‍ ഇവിടെയും സാധിക്കുന്നുണ്ട്. പുതുമയുള്ള പ്രമേയം വ്യത്യസ്തമായ അവതരണത്തിലൂടെയാണ് പ്രേക്ഷകന് മുന്നിലെത്തുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥ അതിന്റെ അവതരണ ശൈലിയില്‍ മികച്ചതാകുന്നു എന്നതാണ് റോയിയെ ഇതിനോടകം വ്യത്യസ്തമാക്കുന്ന ഒരു ഘടകം. കണ്ടിരിക്കുന്ന പ്രേക്ഷകന്റെ കിളിപറത്തുന്ന ക്ലൈമാക്‌സ് തന്നെയാണ് റോയിയുടേത്. സംവിധായകന്‍ ബ്രില്യന്‍സ് കാണിച്ചിരിക്കുന്നു എന്ന് തന്നെ പറയാം. സുനില്‍ ഇബ്രാഹിം ചിത്രങ്ങളിലെല്ലാം തന്നെ ഒരു സംവിധായകന്‍ ബ്രില്യന്‍സ് കാണിച്ചിരിക്കുന്നത് കാണാന്‍ കഴിയും.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി ആര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വി സാജനാണ് എഡിറ്റിങ്. ജയേഷ് മോഹന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. സോണി ലിവിലൂടെ റിലീസായ ചിത്രം സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.